ഞങ്ങളെക്കുറിച്ച്

തെഹല്‍ക്കയുടെ മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍ 2016ലാണ് നാരദ ന്യൂസ് ആരംഭിച്ചത്. തെഹല്‍ക്ക മാനേജ്‌മെന്റും എഡിറ്റോറിയല്‍ ജീവനക്കാരും ചേര്‍ന്ന് ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിവലില്‍ വച്ചുണ്ടായ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് തരുണ്‍ തേജ്പാലിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിലൂടെയും സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെയും പ്രശസ്തമായ തെഹല്‍ക്കയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

തെഹല്‍ക്കയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായ ഡല്‍ഹി ആല്‍ക്കമിസ്റ്റ് ഗ്രൂപ്പ് ഉടമ കന്‍വര്‍ ദീപ് സിംഗ് (കെ.ഡി സിംഗ്) തങ്ങളുടെ സല്‍പ്പേര് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് മാത്യു സാമുവലിനെ മാനേജിംഗ് എഡിറ്ററായി നിയമിച്ചത്. 2001ല്‍ തെഹല്‍ക്ക ആരംഭിച്ചപ്പോള്‍ മുതല്‍ പത്രാധിപ സമിതി അംഗമായിരുന്ന മാത്യു സാമുവലിന്റെ നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. 2001ല്‍ അദ്ദേഹം പുറത്തുകൊണ്ടുവന്ന പ്രതിരോധവകുപ്പിലെ അഴിമതിയാണ് അതിലൊന്ന്. ആ റിപ്പോര്‍ട്ടിന്റെ ഫലമായി നിരവധി മന്ത്രിമാര്‍ക്കും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണയ്ക്കും സമത പാര്‍ട്ടി പ്രസിഡന്റ് ജയ ജയ്റ്റ്‌ലിയ്ക്കും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടിവന്നു. ഏതെങ്കിലുമൊരു മാധ്യമം ഉന്നയിച്ച ആരോപണത്തില്‍പ്പെട്ട എല്ലാവരും വിചാരണ കോടതിയില്‍ കുറ്റവാളികളാണെന്ന് തെളിയുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായായിരുന്നു.

2014ല്‍ മാത്യു സാമുവല്‍ ചുമതലയേറ്റതോടെ തെഹല്‍ക്കയ്ക്ക് ഒരു പുതിയ ദിശാബോധം കൈവന്നു. തെഹല്‍ക്ക മാനേജ്‌മെന്റിന്റെ അനുമതിയോടെ അദ്ദേഹം പശ്ചിമബംഗാളില്‍ മമത ബാനര്‍ജി നയിക്കുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ തീരുമാനിച്ചു. ഇത് നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ എന്ന് അറിയപ്പെടുന്നു. എന്നാല്‍ അധികം വൈകാതെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കെ.ഡി സിംഗ് രാജ്യസഭാംഗമായി. അതോടെ മമത ബാനര്‍ജി സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടും വീഡിയോകളും പുറത്തുവിടാന്‍ തെഹല്‍ക്ക മാനേജ്‌മെന്റ് വിസമ്മതിച്ചു. 2016 വരെയും തെഹല്‍ക്ക മാനേജ്‌മെന്റ് ഇതിന് അനുമതി കൊടുക്കാതിരുന്നതോടെ ഈ റിപ്പോര്‍ട്ടും വീഡിയോകളും naradanews.com എന്ന സൈറ്റിലൂടെ പുറത്തുവിടാന്‍ മാത്യു സാമുവല്‍ തീരുമാനിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടോടെ നാരദ ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചു.

Back to top button