Sports

വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിനന്റെ വിസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കി.

ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാൻ മെൽബണിൽ എത്തിയ താരത്തെ ഇപ്പോൾ ഓസ്ട്രേലിയൻ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.

ഓസ്ട്രേലിയൻ ഓപ്പൺ (Australian Open) നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ ടെന്നീസ് താരവുമായ നൊവാക് ജോക്കോവിച്ചിൻറെ (Novak Djokovic) വിസ ഓസ്ട്രേലിയൻ സർക്കാർ (Government Of Australia)  വീണ്ടും റദ്ദാക്കി. കോവിഡിനെതിരെ വാക്സിൻ സ്വീകരിക്കാതെയാണ് താരം എത്തിയത്. നിയമപ്രകാരം ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ മൂന്നു വർഷത്തെ വിലക്കും വന്നേക്കും

ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനായി മെൽബൺ (Melbourne) വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആദ്യം ജോക്കോവിച്ചിനനെ തടഞ്ഞത്. പിന്നീട് വിസ റദ്ദാക്കിയ അധികൃതർ ജോക്കോവിച്ചിനെ അഭയാർഥികൾ താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കോടതിയെ സമീപിച്ച്അനുകൂല വിധി സമ്പാദിച്ച് അഞ്ചു ദിവസത്തിനു ശേഷം പുറത്തിറങ്ങിയ ജോക്കോവിച്ച് ടൂർണമെന്റ്നായി പരിശീലനവും ആരംഭിച്ചിരുന്നു. ഓസ്‌ട്രേലിയൻ കുടിയേറ്റ മന്ത്രി അലക്സ് ഹോക് (Alex Hawk) തന്റെ അധികാരം ഉപയോഗിച്ചാണ് ഇപ്പോൾ ജോക്കോവിച്ചിനന്റെ വിസ വീണ്ടും റദ്ദ് ചെയ്തത്.

പൊതുജന താൽപര്യാർത്ഥം ജനങ്ങളുടെ ആരോഗ്യക്ഷേമവും പരിഗണിച്ചാണ് തീരുമാനം എന്ന് മന്ത്രി അറിയിച്ചു. മഹാമാരിയെ നേരിടാൻ ഓസ്ട്രേലിയൻ ജനത ഒരുപാട് ത്യാഗങ്ങൾ സഹിച്ചെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ (Scott Morrison) അഭിപ്രായപ്പെട്ടു. വാക്സിൻ സ്വീകരിക്കാത്ത താരത്തിന് വിസ അനുവദിച്ചതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് വമ്പൻ താരങ്ങൾക്ക് ഇളവു നൽകിയതിനെതിരെ കടുത്ത വിമർശനവും നേരിട്ടു.

നവംബർ 16ന് തനിക്ക് കോവിഡ് (Covid) വന്നിരുന്നതുകൊണ്ടാണ് വാക്സിൻ സ്വീകരിക്കാത്തതെന്ന് താരം അവകാശപ്പെട്ടു. വാക്‌സിൻ സ്വീകരിക്കുന്നതിൽ ടെന്നീസ് ഓസ്ട്രേലിയ തനിക്ക് ഇളവ് നൽകിയിരുന്നുവെന്നും അതുകൊണ്ടാണ് യാത്രപുറപ്പെട്ടതെന്നും ജോക്കോവിച്ച് കോടതിയിൽ വാദിച്ചു. അങ്ങനെയാണ് കോടതിയിൽ ആദ്യം തനിക്ക് അനുകൂലമായി വിധി അദ്ദേഹം നേടിയെടുത്തത്.

താരം വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂലവിധി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. 9 തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ താരം കഴിഞ്ഞ മൂന്ന് വര്ഷം തുടർച്ചയായി വിജയിച്ചിരുന്നു. ഒരു കിരീടം കൂടി നേടിയാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം എന്ന് ചരിത്രനേട്ടം ജോക്കോയ്ക്ക് ഒറ്റയ്ക്ക് സ്വന്തമാക്കാനാകും. റാഫേൽ നദാൽ (Rafael Nadal) റോജർ ഫെഡറർ (Roger Federer) എന്നിവർക്കൊപ്പം 20 കിരീടങ്ങളാണ് ഇപ്പോൾ ജോക്കോവിച്ചിനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button