National NewsNews

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി.

മുഖ്യമന്ത്രി ചരൺജിത് ചന്നി തന്റെ സീറ്റായ ചംകൗർ സാഹെബിലും, നവജ്യോത് സിംഗ് സിദ്ദു അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിലും മത്സരിക്കും.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Punjab Elections 2022) 86 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് (Indian National Congress) പുറത്തിറക്കി. മുഖ്യമന്ത്രി ചരൺജിത് ചന്നി തന്റെ സീറ്റായ ചംകൗർ സാഹെബിൽ നിന്ന് വീണ്ടും ജനവിധി തേടും. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദർ രൺധാവെ ‘ദേരാ ബാബ നാനക്കിലും’ ഓം പ്രകാശ് സോണി സെൻട്രൽ അമൃത്സറിലും മത്സരിക്കും.

പ്രചാരണ സമിതി അധ്യക്ഷൻ സുനിൽ ജാഖർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, പകരം അദ്ദേഹത്തിന്റെ അനന്തരവൻ സന്ദീപ് ജാഖർ ‘അബോഹർ’ നിയമസഭാ സീറ്റിൽ മത്സരിക്കും. ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്ന നടനും ആക്ടിവിസ്റ്റുമായ സോനു സൂദിന്റെ (Sonu Sood) സഹോദരി മാളവികയെ മോഗ സീറ്റിലാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ മാസം പാർട്ടിയിൽ ചേർന്ന വിവാദ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ അദ്ദേഹത്തിന്റെ ജന്മനാടായ മൻസ അസംബ്ലി സീറ്റിൽ നിന്നും മത്സരിപ്പിക്കും.

ബസ്സി പഠാന നിയമസഭാ മണ്ഡലത്തിൽ ഗുർപ്രീത് സിംഗിനെ കോൺഗ്രസ് നിലനിർത്തി. മന്ത്രി ബ്രഹ്മ മൊഹീന്ദ്രയുടെ മകൻ മോഹിത് ‘പട്യാല റൂറൽ’ സീറ്റിൽ നിന്നും കോൺഗ്രസ് രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്‌വ ഗുരുദാസ്പൂരിലെ ഖാദിയാനിൽ നിന്നും മത്സരിക്കും. കഴിഞ്ഞ വർഷം എഎപി വിട്ട് കോൺഗ്രസിൽ ചേർന്ന രൂപീന്ദർ കൗറിന് ‘മാലൗട്ട്’ മണ്ഡലം ലഭിച്ചു. കഴിഞ്ഞ മാസം ബിജെപിയിൽ ചേരാൻ രാജിവച്ച എംഎൽഎ ബൽവീന്ദർ സിംഗ് ലഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമായ ശ്രീ ഹർഗോവിന്ദ്പൂർ സീറ്റ് മൻദീപ് സിംഗ് രംഗർ നംഗലിന് നൽകി. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സുഖ്പാൽ സിംഗ് ഖൈറയ്ക്ക് ഭോലാത്ത് ടിക്കറ്റ് ലഭിച്ചു.

പഞ്ചാബിലെ 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14ന് ഒറ്റഘട്ടമായി നടക്കും. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിൽ അഭിമാന പോരാട്ടമാണ് പാർട്ടി നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button