Local News

എടപ്പാൾ മേൽ പാലം നാടിന് സമർപ്പിച്ചു ; ‘എടപ്പാൾ ഓട്ടത്തെ’ ഓർത്തെടുത്ത് നേതാക്കൾ

മന്ത്രി ബി ശിവൻകുട്ടി , മുൻ മന്ത്രി എംഎം മണി തുടങ്ങിയവരാണ് തങ്ങളുടെ ഫേസ്ബുക്കിലൂടെ എടപ്പാൾ ഓട്ടത്തെ ട്രോളിയത്

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ സ്വപ്‌ന പദ്ധതിയായ എടപ്പാള്‍ മേല്‍പാലം (Edappal flyover) മന്ത്രി മുഹമ്മദ് റിയാസ് ( P A Muhammad Riyas) നാടിന് സമര്‍പ്പിച്ചു. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ എന്‍ ബാലഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.

മേൽ പാലം ഉദ്ഘടനവുമായി ബന്ധപ്പെട്ട് എടപ്പാൾ ഓട്ടത്തെ ട്രോളികൊണ്ട് മന്ത്രി ബി ശിവൻകുട്ടിയും (B Sivankutty), മുൻ മന്ത്രി എംഎം മണിയടക്കമുള്ള (MM Mani) നേതാക്കന്മാർ രംഗത്ത് വന്നത് സോഷ്യൽ മീഡിയയിൽ ചിരിയുയർത്തി. ‘എടപ്പാൾ ഓട്ടം ഇനി മേല്പാലത്തിലൂടെ’ എന്ന തലക്കെട്ടോടെയാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘ഓടാം ഇനി കൂടുതൽ ഉയരത്തിൽ’ എന്നാണ് എംഎം മാണിയുടെ പോസ്റ്റ് . 2019 ജനുവരിയിൽ ശബരിമല കർമ്മസമിതി സ്ത്രീപ്രവേശനത്തെ എതിർത്ത് നടത്തിയ ഹർത്താലിന് ഐക്യദാർട്യം അർപ്പിച്ച് ബൈക്ക് റാലിയുമായി എത്തിയ ആർ എസ് എസ് (RSS) പ്രവർത്തകരെ പൊതുജനം നേരിട്ടതിനെ തുടർന്ന് ഓടിരക്ഷപെട്ട സംഭവത്തെയാണ് ‘എടപ്പാൾ ഓട്ടം’ എന്ന് സോഷ്യൽ മീഡിയ വിളിക്കുന്നത്. മേല്പാലത്തിലൂടെ ഓടിരക്ഷപെടുന്ന പ്രവർത്തകന്റെ ഫോട്ടോ സഹിതമാണ് ട്രോള്ളിയത്.

13.6 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ച് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മിച്ചത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം. 8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ന‌ടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button