Local NewsNews

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ലെന് ഇ ശ്രീധരൻ

പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇ ശ്രീധരൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്ക് (Silverline Project) കേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ (E Sreedharan) പറഞ്ഞു. റെയിൽവേ ഒരു കേന്ദ്ര വിഷയമാണെന്നും സംസ്ഥാന വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയ മെട്രോമാൻ പദ്ധതിയിലെ പ്രശ്നങ്ങൾ കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) കത്തയച്ചതായും പറഞ്ഞു. പദ്ധതിയിൽ സാങ്കേതിക പിഴവുകളുള്ളതിനാൽ കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ലെന്ന് ശ്രീധരൻ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയതിനാലാണ് ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവ് കൂടിയായ ശ്രീധരൻ പറഞ്ഞു. ഇരുവശത്തും ഉയർന്ന കോൺക്രീറ്റുകളോ മൺതിട്ടകളോ സ്ഥാപിക്കേണ്ടതിനാൽ സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ഉറപ്പുള്ള ഭിത്തികൾ നൽകുന്നത് ഒരു പരിസ്ഥിതി ദുരന്തമാണെന്നും അത് ഡ്രെയിനേജിനെ തടയുമെന്നും അദ്ദേഹം പറഞ്ഞു. തറനിരപ്പിലുള്ള കുട്ടനാട് പോലെ എളുപ്പത്തിൽ വെള്ളപ്പൊക്കത്തിലാകുന്ന സ്ഥിതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ യഥാർത്ഥ ചെലവ് വെളിവാകുന്ന ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) പുറത്തുവിടാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ചിലർ എതിർപ്പ് പ്രകടിപ്പിക്കുന്നത് കൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ സമ്മർദത്തിന് സർക്കാർ വഴങ്ങില്ലെന്നും പറഞ്ഞു. സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കൊച്ചിയിൽ പൗരപ്രമുഖരെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. പദ്ധതി സംബന്ധിച്ച് സർക്കാർ ആദ്യം എം.എൽ.എമാരുമായി ചർച്ച നടത്തിയിരുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സിൽവർ ലൈനിൽ നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(VD Satheeshan) ഈ വാദം തള്ളി. പൗരപ്രമുഖരുമായി ചർച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ചർച്ച അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിൽവർലൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കൊച്ചിയിലെ ടിഡിഎം ഹാളിൽ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരുമായി സംസാരിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

സംസ്ഥാന തലസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന സിൽവർ ലൈൻ ട്രെയിനുകൾക്ക് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പദ്ധതി പ്രകാരം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 540 കിലോമീറ്റർ പാതയെ സെമി-ഹൈസ്പീഡ് റെയിൽ വഴി ബന്ധിപ്പിക്കും . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെ-റെയിൽ പദ്ധതി സംസ്ഥാനത്തിന്റെ ഈ രണ്ടറ്റങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം നാല് മണിക്കൂറായി കുറയ്ക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button