Local NewsNews

തൃക്കാക്കരയില്‍ ലത്തീനെ നിര്‍ത്തി പണി മേടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ? ടോണി ചെമ്മണിയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് സൂചന

ട്വന്റി 20യുടെ സാന്നിധ്യം കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അതില്‍ ഭയപ്പെടുന്നില്ലെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

തൃക്കാക്കര എംഎല്‍എ പി.ടി തോമസിന്റെ (PT Thomas) വിയോഗത്തോടെ (PT Thomas Death) പുതിയൊരു ഉപതെരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങിയിരിക്കുകയാണ്. പി.ടിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കൂടിയാലോചനകളും പരസ്യമായി നടക്കുന്നില്ലെങ്കിലും ആരൊക്കെയായിരിക്കും തൃക്കാക്കരയില്‍ (Thrikkakkara By-election) ഇനി മത്സരിക്കുകയെന്ന ചോദ്യങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

സി.പി.എമ്മിന് ജില്ലയില്‍ ഒരു സീറ്റുകൂടി അധികമായി നേടാനുള്ള സുവര്‍ണ്ണാവസരമാണെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അവര്‍ നിയമസഭയില്‍ കൂടുതല്‍ ദുര്‍ബലരാകുമെന്ന് മാത്രമല്ല, സര്‍ക്കാരിനെതിരെ ഇതുവരെ മുന്നോട്ട് വച്ച ആരോപണങ്ങളൊന്നും ലക്ഷ്യം കണ്ടില്ലെന്ന് തെളിയുകയും ചെയ്യും. വോട്ട് വിഹിതം നേടുന്നതിലൂടെ ബി.ജെ.പിയും ഇവിടെ നിര്‍ണ്ണായക ശക്തിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ ട്വന്റി20 13,773 വോട്ടുകള്‍ പിടിച്ചിരുന്നു. അതിനാല്‍ തന്നെ ഇക്കുറിയും അവരുടെ സ്ഥാനാര്‍ത്ഥിത്വവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായ വി ഫോര്‍ കൊച്ചി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് അറിയേണ്ടതുണ്ട്.

ജില്ലയിലും മണ്ഡലത്തിലും സുപപരിചിത മുഖമായ മുന്‍ മേയര്‍ ടോണി ചെമ്മണിയാണ് (Tony Chemmani) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന്. മേയറായിരുന്ന കാലത്തും അതിന് മുമ്പും പിന്നീടും ജില്ലയിലെ പ്രമുഖ നേതാവെന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ കെ.ജെ മാക്‌സിയോട് 14,079 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും കൊച്ചിയോട് ചേര്‍ന്ന് നില്‍ക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന് പ്രതീക്ഷകളുണ്ട്. മണ്ഡലത്തിന്റെ കൊച്ചി ഭാഗത്ത് നിന്നും കഴിഞ്ഞ തവണ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതും അദ്ദേഹത്തിന് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അതേസമയം തൃക്കാക്കരയില്‍ ഒരു ലത്തീനെക്കൊണ്ടുവന്ന് മത്സരിപ്പിച്ച് ജയസാധ്യതകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നാണ് ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു.

‘അവിടെയൊരു ലത്തീനെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതിന് പാര്‍ട്ടി തയ്യാറാകില്ല. പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോയാല്‍ അവിടെ കാര്യങ്ങള്‍ നടക്കില്ല. ക്രിസ്ത്യന്‍ സമുദായത്തിന്റെ നീക്കമെന്താണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയണം. പി.ടി തോമസിന്റെ മരണവും അദ്ദേഹത്തിന്റെ നിലപാടുകളും ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ പ്രതിഫലിക്കുമോയെന്നൊക്കെ പഠിക്കാതെ തീരുമാനമെടുക്കുന്നത് അപകടമാണ്. ടോണി ചെമ്മണിയുടെ പേര് എന്തായാലും ഉയര്‍ന്നുവന്നിട്ടില്ല. പല പേരുകളും ആളുകള്‍ പറയുന്നുണ്ട്. ഉമയുടെ പേരും ആരൊക്കെയോ പറയുന്നുണ്ട്. ഉമയുടെ പേര് ഉയര്‍ന്നുവരുമ്പോള്‍ പി.ടി തോമസിന്റെ മരണത്തിലെ സഹാതപവും മറ്റും ബാധകമാകുമല്ലോ? 29,000 വോട്ടിന്റെ ലീഡ് വരെ ഹൈബി ഈഡന് കിട്ടിയ മണ്ഡലമാണ് എറണാകുളം. കഴിഞ്ഞതവണ ശക്തമായ മത്സരമുണ്ടായപ്പോള്‍ അത് 10,000 ആയി മാറി. പതിനായിരത്തിന്റെ ലീഡ് എന്ന് പറഞ്ഞാല്‍ അയ്യായിരം വോട്ട് മാറിയാല്‍ അത് ടാലിയായി പോകും. അയ്യായിരം വോട്ടര്‍മാരുടെ വോട്ടാണ് ടി.പിക്ക് കൂടുതലായി ലഭിച്ചത്. അല്ലാതെ കൊച്ചി ഭാഗത്ത് കൂടുതലാണ്, എറണാകുളം ഭാഗത്ത് കുറവാണ് എന്നൊന്നും കണക്കുകൂട്ടിയിട്ട് യാതൊരു കാര്യവുമില്ല’.- അദ്ദേഹം വ്യക്തമാക്കി.

ട്വന്റി 20യുടെ സാന്നിധ്യം കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അതില്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ട്വന്റി 20യുടെ സാന്നിധ്യം കോണ്‍ഗ്രസിനെയാണ് ബാധിച്ചത്. അത് ഈ ഉപതെരഞ്ഞെടുപ്പില്‍ കൂടുതലായി ബാധിക്കും. അതിനെ നേരിടാന്‍ വ്യക്തമായ ഒരു തയ്യാറെടുപ്പ് തന്നെ വേണ്ടിവരും. എന്നാല്‍ പി.ടിയുടെ ചിതാഭസ്മം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് തോന്നുന്നില്ല. ഒന്നാമത് ചര്‍ച്ച ചെയ്യാനുള്ള പക്വത കൈവരേണ്ടതുണ്ട്. പി.ടി മരിച്ച് 16 ദിവസം പോലും കഴിയുന്നതിന് മുമ്പ് പകരം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു അവമതിപ്പിന് കാരണമാകും.’- അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.ടിയുടെ ഭാര്യ ഉമയുടെ പേരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്നതെങ്കിലും അതിനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ടറിയണം. ഉമയോട് ഇക്കാര്യം അവതരിച്ചപ്പോള്‍ അവര്‍ മറുപടിയൊന്നും പറയാത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, ഉമ മത്സരിക്കുന്നത് പി.ടിയുടെ രാഷ്ട്രീയത്തിനും അദ്ദേഹം മുന്നോട്ടുവച്ച നിലപാടുകള്‍ക്കും വിരുദ്ധമാണെന്നതിനാല്‍ അവര്‍ അതിന് തയ്യാറാകുമോയെന്നും കണ്ടറിയണം. അഥവ തയ്യാറായാല്‍ എതിരാളികള്‍ പ്രധാന ആയുധമാക്കുന്നതും നിലപാട് വ്യതിയാനമാകാന്‍ സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാനാണ് സാധ്യത. മരണം കഴിഞ്ഞ് പതിനാറ് ദിവസമാകുന്ന ഈമാസം ആറ് വരെയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യക്ഷമായി ഈ വിഷയം ചര്‍ച്ച ചെയ്തില്ലെങ്കിലും അവര്‍ ഇപ്പോള്‍ തന്നെ നേരിടുന്ന വെല്ലുവിളി തൃക്കാക്കരയില്‍ പി.ടിയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് തന്നെയാണ്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടിയത് പോലെ അതിന് ശേഷം വിശദമായ പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും അവര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button