Local NewsNews

അനീഷിന്റെ കൊലപാതകം: പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബിയര്‍ ബോട്ടില്‍ കണ്ടെടുത്ത് പോലീസ്

കൊലപാതകം ആസൂത്രിതമല്ലെന്നും പോലീസ്

തിരുവനന്തപുരം പേട്ടയില്‍ (Pettah Murder Case) അര്‍ദ്ധരാത്രിയില്‍ അയല്‍വാസിയുടെ വീട്ടില്‍ കൊലചെയ്യപ്പെട്ട അനീഷ് ജോര്‍ജ്ജിനെ (Aneesh Murder Case) ആസൂത്രിതമായി വധിച്ചതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അനീഷിനെ പ്രതിയായ സൈമണ്‍ ലാലു (Saimon Lalu) വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് അനീഷിന്റെ കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും അവര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കുണ്ടായെന്നറിഞ്ഞല്ല അനീഷ് അവിടെയെത്തിയത്. രാത്രി ഒന്നരമണി വരെ അനീഷും പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതിനുശേഷം രണ്ട് മണിയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീടിന്റെ പിന്‍വശത്തെ കാടുമൂടിയ വഴിയിലൂടെ വീട്ടിലെത്തിയതെന്നും ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

3 മണിയോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് സൈമണ്‍ ലാലു അറിയുന്നത്. മകളുടെ മുറിയില്‍ അനീഷിനെ കണ്ട പ്രതി പ്രകോപിതനായി. അതേസമയം അനീഷിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യവും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് മുമ്പ് വീട്ടില്‍ വഴക്ക് നടന്നതിന് തെളിവൊന്നും കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല. സംഭവത്തിന് മുമ്പ് വീട്ടില്‍നിന്ന് ബഹളമോ മറ്റുശബ്ദങ്ങളോ കേട്ടില്ലെന്നാണ് അയല്‍വാസികളുടെയും മൊഴി. അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് പോലീസ് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button