National NewsNews

ആളുമാറിയെന്ന അഖിലേഷിന്റെ പരിഹാസം പണിയായി: സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സ്ഥാപനങ്ങളിലും റെയ്ഡ്

ഉത്തര്‍പ്രദേശ് എം.എല്‍.സി പുഷ്പരാജ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന

തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ (Uttar Pradesh) ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ വ്യാപകമാകുന്നു. ഡിസംബര്‍ 22ന് പിയുഷ് ജെയിന്‍ (Piyush Jain) എന്ന സുഗന്ധ വ്യാപാരിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ പത്ത് കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് ജിഎസ്ടി (Director General of GST) അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 257 കോടി രൂപയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടന്ന മറ്റൊരു റെയ്‌ഡോടെ ലക്ഷ്യമിട്ടയാളെയല്ല, ആള് മാറിയാണ് പിയുഷ് ജെയിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ (Akhilesh Yadav) ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പെര്‍ഫ്യൂം മുതല്‍ പെട്രോള്‍ വരെ വില്‍ക്കുന്ന പാര്‍ട്ടി എംഎല്‍സി കൂടിയായ പുഷ്പരാജ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് റെയ്ഡ് നടന്നത്.

പുഷ്പരാജിനെയാണ് അധികൃതര്‍ നോട്ടമിട്ടതെന്നും എന്നാല്‍ ആള് മാറി പിയൂഷിനെ പിടികൂടിയെന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പുഷ്പരാജിന്റെ വീട്ടില്‍ ഇന്ന് റെയ്ഡ് നടന്നത്. കനൗജിലെ ജയിന്‍ സ്ട്രീറ്റില്‍ അയല്‍വാസികളാണ് ഇരുവരും. പെര്‍ഫ്യൂമറി, പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ് പുഷ്പരാജ് ജെയിന്‍. വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് (Uttar Pradesh Election 2022) മുന്നോടിയായി സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കിയ പെര്‍ഫ്യൂമിന് (Samajwadi Perfume) പിന്നില്‍ ഇദ്ദേഹമാണ്. ഇദ്ദേഹത്തിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായുള്ള അമ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന നാടകമാണ് ഇതെന്നും അധികാരദുര്‍വിനിയോഗം ജനം കാണുന്നുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. അഖിലേഷിന്റെ പ്രതികരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പിഷകുകളുടെ കോമഡിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം പിയൂഷ് ജെയിനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയ നിലവാരത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും പുഷ്പരാജ് ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ”റെയ്ഡുകളുമായി ബന്ധപ്പെട്ട് എന്റെ പേര് ഉപയോഗിക്കുന്നത് അന്യായമാണ്,” അദ്ദേഹം പറഞ്ഞു. ചിദംബരത്തിന്റെ ട്വീറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം, റെയ്ഡുകള്‍ എനിക്കായി ആസൂത്രണം ചെയ്തതാകാം’ എന്നും ജെയിന്‍ പറഞ്ഞു.

അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (DGGI) ആള് മാറിയാണ് പിയൂഷിനെ പിടികൂടിയതെന്ന ആരോപണം തള്ളിക്കളയുന്നുണ്ട്. നികുതി വെട്ടിപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടായിരുന്നു റെയ്ഡുകളെല്ലാം. ആ അന്വേഷണമാണ് അവരെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിലേക്കും പിയൂഷ് ജെയിനിന്റെ ഒഡോകെം(Odechem) ഇന്‍ഡസ്ട്രീസിലേക്കും നയിച്ചതെന്നും അവര്‍ വ്യക്തമാക്കി. പിയൂഷ് ജെയിന്‍ ഇപ്പോള്‍ ജുറീഷ്യല്‍ കസ്റ്റഡിയിലാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button