National NewsNews

കനത്തമഴ: ചെന്നൈയില്‍ മൂന്ന് മരണം, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍(Tamil Nadu) ചെന്നൈ(Chennai) ഉള്‍പ്പെടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം(Kanchipuram), തിരുവള്ളൂര്‍(Thiruvallur), ചിംഗിള്‍പേട്ട്(Chinglepet) എന്നിങ്ങനെ നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് (Heavy Rain in Tamilnadu) മൂന്ന് പേര്‍ മരിക്കുകയും റോഡുകളും ഉപറോഡുകളും വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍(MK Stalin) വ്യാഴാഴ്ച രാത്രി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ വെള്ളപ്പൊക്ക കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയില്‍ രണ്ട് സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി സംസ്ഥാന റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍(KKSSR Ramacandran) അറിയിച്ചു. റോഡുകളും സബ്വേകളും വെള്ളത്തിനടിയിലാകുകയും നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തതോടെ യാത്രക്കാരും വലഞ്ഞു. മൂന്ന് സബ്വേകള്‍ അടച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളപ്പൊക്കവും മഴയും കാരണം കുറഞ്ഞത് 14 നഗരപാതകളില്‍ ഗതാഗതം സ്തംഭിച്ചു. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ മെട്രോ അധികൃതര്‍ ട്രെയിന്‍ സര്‍വീസ് ഒരു മണിക്കൂര്‍ കൂടി നീട്ടി 12 മണി വരെ സര്‍വീസ് നടത്തി.

ഉച്ചകഴിഞ്ഞ് നഗരത്തിലെയും നഗരാതിര്‍ത്തിയിലെയും മിക്ക പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ തുടങ്ങി, പലയിടത്തും അതിശക്തമായി തന്നെ മഴ തുടര്‍ന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department) (IMD) കണക്കനുസരിച്ച് ചെന്നൈയിലെ എംആര്‍സി നഗറില്‍ 17.65 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നുങ്കമ്പാക്കത്തും മീനമ്പാക്കത്തും യഥാക്രമം 14.65 സെന്റിമീറ്ററും 10 സെന്റിമീറ്ററുമാണ് രേഖപ്പെടുത്തിയതെന്ന് ഐഎംഡി അറിയിച്ചു. തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ പല പ്രദേശങ്ങളിലും ഒരു സെന്റിമീറ്റര്‍ മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ മഴ പെയ്തു. വ്യാഴാഴ്ച രാവിലെ 8.30നും വൈകിട്ട് 6.15നും ഇടയ്ക്കുള്ള കണക്കാണ് ഇത്.

അടുത്ത മൂന്ന് ദിവസങ്ങളില്‍ തമിഴ്നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും തെക്ക് ആന്ധ്രാപ്രദേശിന്റെ(Andhra Pradesh) സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ തുടരുമെന്നും അതിനുശേഷം മഴ കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button