Local NewsNews

കണ്ണൂരില്‍ കെ-റെയില്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്താന്‍ വിജ്ഞാപനം

കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

കോണ്‍ഗ്രസും, ജമഅത്ത് ഇസ്ലാമിക് പാര്‍ട്ടിയും ബിജെപിയെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതികളെ തടസപ്പെടുത്താന്‍ നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഒന്നിച്ചുള്ള വികസന പ്രവര്‍ത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലയെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും തകര്‍ക്കാന്‍ നോക്കുകയാണെന്നും പാലക്കാട്ട് സിപിഎം ജില്ലാ സമ്മേളനത്തിലെ (CPIM District Committee Meeting) പ്രസംഗത്തില്‍ പിണറായി വിജയന്‍ (Pinarayi Vijayan) പറഞ്ഞു

ഇതിനിടെ കണ്ണൂരില്‍ സില്‍വര്‍ലൈന്‍ (Silver Line) പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം (Social Impact Study) നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം ഇറക്കി 100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കല്ലിടല്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് പഠനം. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. 106.2005 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഒമ്പത് വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ആകെ 61.7 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത. കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോമീറ്ററിലും.

പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതുഇടങ്ങള്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദ്ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്.

രാഷ്ട്രീയ വിരോധം വച്ചാണ് വികസന പ്രവര്‍ത്തനങ്ങളോടുള്ള പ്രതിപക്ഷ നിലപാടുകളെന്നും കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും എന്തുവന്നാലും വികസനപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button