Local NewsNews

‘ഞങ്ങടെ എം.പീനെ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ’: തായ്‌ലന്‍ഡ് പ്രസിഡന്റിന്റെ പേജില്‍ പി.വി അന്‍വറിന്റെ മലയാളം കമന്റ്

തായ്‌ലന്‍ഡ് പ്രസിഡന്റിന്റെ പേജില്‍ രാഹുല്‍ ഗാന്ധിയെ വിട്ടുകിട്ടാന്‍ മലയാളത്തില്‍ കമന്റുകള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് (Assembly Elections 2022) പ്രചരണങ്ങള്‍ കൊഴുക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) വിദേശ യാത്ര ബി.ജെ.പി ആഘോഷിക്കുകയാണ്. രാഹുല്‍ പട്ടായയില്‍ പുതുവത്സരമാഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന തരത്തിലാണ് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചരിപ്പിക്കുന്നത്. അതേസമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ഇറ്റലിയിലേക്ക് പോകുകയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം. ബി.ജെ.പിയും അവരുടെ മാധ്യമ സുഹൃത്തുക്കളും രാഹുല്‍ ഗാന്ധിയുടെ യാത്രയെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല (Randeep Surjewala) അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അതേസമയം എത്രദിവസത്തേക്കാണ് രാഹുലിന്റെ യാത്രയെന്ന് വ്യക്തമല്ല.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോഴുള്ള രാഹുലിന്റെ യാത്രയാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ജനുവരി മൂന്നിന് രാഹുല്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്താനിരിക്കുകയായിരുന്നു. ഇതോടെ ഈ റാലി മാറ്റിവയ്‌ക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതേദിവസങ്ങളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇതിനിടെയാണ് രാഹുല്‍ പട്ടായയില്‍ ജയിലിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. രാഹുലിനെ ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് ചുവാന്‍ ലീപെയിയുടെ (Chuan Leekpai) ഫേസ്ബുക്കില്‍ പേജില്‍ നിരവധി അഭ്യര്‍ത്ഥനകളാണ് ചെന്നിരിക്കുന്നത്. അതും മലയാളത്തില്‍. സംശയിക്കണ്ട, രാഹുലിന്റെ വിദേശയാത്ര പരിഹസിച്ച് ആഘോഷിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് വിരുദ്ധര്‍. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ (P V Anwar MLA) ആണ് ലീപെയിയുടെ പേജില്‍ ആദ്യ മലയാള കമന്റുകളിലൊന്ന് ഇട്ടത്. ‘ഞങ്ങടെ എം.പീനെ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ’ എന്നായിരുന്നു അന്‍വറിന്റെ കമന്റ്. ഡിസംബര്‍ 16ന് ഒരു ചടങ്ങന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് താഴെയാണ് അന്‍വറിന്റെ കമന്റ്. ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചത് കേവലം രണ്ടായിരത്തിനടുക്കെ ലൈക്കുകള്‍ ആണെങ്കില്‍ അന്‍വറിന്റെ ഈ കമന്റിന് ഏഴ് മണിക്കൂര്‍ കൊണ്ട് ആറായിരത്തിനടുക്കെ ലൈക്കുകള്‍ ആണ് ലഭിച്ചത്.

അന്‍വര്‍ തുടങ്ങിവച്ചത് മറ്റ് മലയാളികളും ഏറ്റെടുത്തു. വയനാടന്‍ എം.പിയെ തിരിച്ചുതരൂവെന്നും മകനേ തിരിച്ചുവരൂവെന്നുമൊക്കെ ആവശ്യപ്പെട്ട് ഒട്ടനവധി മലയാളം കമന്റുകളാണ് ഇപ്പോള്‍ ലീപെയിയുടെ പേജില്‍ എത്തിയിരിക്കുന്നത്. ഇതിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യറും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘മകനേ തിരിച്ചുവരൂ, വയനാട് കാത്തിരിക്കുന്നൂ’ എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്. എന്തായാലും ടാന്‍സിലേറ്റ് ചെയ്ത് ഏത് ഭാഷയും മനസ്സിലാക്കാമെന്നതിനാല്‍ രാഹുലിനി തായ്‌ലന്‍ഡ് പ്രസിഡന്റിന്റെ മുന്നില്‍ ചെല്ലാനാകാത്ത വിധമുള്ള നാണക്കേടാണ് മലയാളികള്‍ നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button