Local NewsNews

പേട്ടയിലെ കൊലപാതകം ആസൂത്രിതം: കള്ളനെന്ന് കരുതി കുത്തിയെന്ന പ്രതിയുടെ മൊഴി കള്ളമെന്ന് പോലീസ്

അനീഷിനുമായി സൈമണ്‍ ലാലിന്റെ വീടുമായി നല്ല ബന്ധം

പേട്ടയിലെ കൊലപാതകം (Pettah Murder Case) ആസൂത്രിതമെന്ന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ (Aneesh George) മാതാപിതാക്കള്‍. അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

അനീഷും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നെന്നും സംഭവ ദിവസം അനീഷ് പെണ്‍കുട്ടിക്കും അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ലുലു മാളില്‍ (Lulu Mall, Trivandrum) പോയിരുന്നെന്നും മാതാപിതാക്കളായ കെ. ജോര്‍ജ്ജും ഡോളിയും അറിയിച്ചു. അവരാണ് വൈകിട്ട് തിരികെ വീട്ടിലെത്തിച്ചത്. അവന്‍ കൂടെയുള്ളത് തങ്ങള്‍ക്ക് ആശ്വാസമാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പലപ്പോഴും പറഞ്ഞിട്ടുള്ളത്. സംഭവ ദിവസം പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ മകന്റെ ഫോണിലുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാല്‍ നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. ഭാര്യയെയും പെണ്‍മക്കളെയും സ്ഥിരമായി മര്‍ദ്ദിക്കാറുള്ള ഇയാള്‍ ഭാര്യയും മക്കളും വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് ഇയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ പരിഹാരത്തിന് അവര്‍ അനീഷിനെ വിളിച്ചുവരുത്താറുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.

അങ്ങനെയായിരിക്കും കൊലപാതകം നടന്ന ദിവസവും ലുലു മാളില്‍ ഇവര്‍ക്ക് കൂട്ടുപോയ അനീഷിനെ വിളിച്ചുവരുത്തിയിട്ടുണ്ടാകുക. മാത്രമല്ല, മകനെ അവര്‍ക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നെന്നും അനീഷിന്റെ അമ്മ ഡോളി മാധ്യമങ്ങളോട് പറഞ്ഞു. അനീഷിന്റെ അച്ഛനുള്‍പ്പടെയുള്ളവര്‍ പോലീസ് സ്റ്റേഷനില്‍ (Pettah Police Station) പോയസമയം പെണ്‍കുട്ടിയുടെ അമ്മയുമായി അനീഷിന്റെ അമ്മ ഫോണില്‍ സംസാരിക്കുകയും കുടുംബ വഴക്കുകളിലേക്ക് മകനെ വലിച്ചിഴക്കരുതെന്നും അവന്‍ കൊച്ചു കുട്ടിയാണെന്നും പറഞ്ഞിരുന്നു. എനിക്കൊന്നുമറിയില്ല നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടൂ എന്ന് മാത്രമായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മറുപടി. അനീഷ് കൊല്ലപ്പെട്ടെന്ന് അതുവരെ അമ്മയെ അറിയിച്ചിരുന്നില്ല.

ഇന്നലെ പുലര്‍ച്ചെയാണ് സൈമണ്‍ ലാലിന്‍ന്റെ (Saimon Lal) വീട്ടില്‍ വെച്ച അനീഷ് കൊല്ലപ്പെടുന്നത്. കള്ളനാണെന്നു തെറ്റിധരിച്ചാണ് അനീഷിനെ ആക്രമിച്ചതെന്ന് സൈമണ്‍ ലാല്‍ മൊഴിനല്‍കിയെങ്കിലും ഇത് പോലീസ് വിശ്വസിച്ചിരുന്നില്ല. വിളിച്ചുവരുത്തി ആളറിഞ്ഞ് തന്നെയാണ് കുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button