National NewsNews

പ്രതിഷേധങ്ങള്‍ക്കിടയിലും നാഗാലാന്‍ഡിലെ കരിനിയമം ആറ് മാസത്തേക്ക് കൂടി നീട്ടി

അഫ്സ്പ പിന്‍വലിക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും സംഘടനകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

നാഗാലാന്‍ഡില്‍(Nagaland) സുരക്ഷാ സേനയ്ക്ക് അധികാരം നല്‍കുന്ന വിവാദ നിയമമായ അഫ്സ്പ (AFSPA) ആറ് മാസത്തേക്ക് കൂടി നീട്ടി. ഡിസംബര്‍ 4ന് നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ തീരുമാനം. അഫ്സ്പ പ്രഖ്യാപിക്കപ്പെട്ട എവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് അധികാരമുണ്ട്. അതേസമയം കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു സൈനികനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഡിസംബര്‍ 4ന് നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സൈനിക കോടതി നടന്നുകൊണ്ടിരിക്കുകയാണ്.

അഫ്സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡിലെ വിവിധ സംഘടനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 4ന് നാഗാലാന്‍ഡില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഖനിത്തൊഴിലാളികളില്‍ 6 പേരെ പാരാ സ്പെഷ്യല്‍ ഫോഴ്സ് (Para Special Force) പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികനടക്കം 8 പേര്‍ മരിച്ചു.

ഡിസംബര്‍ 20-ന് നാഗാലാന്‍ഡ് അസംബ്ലി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് തങ്ങളുടെ സംസ്ഥാനത്ത് നിന്ന് അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. നാഗാലാന്‍ഡില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ജോഷിയുടെ(Vivek Joshi) നേതൃത്വത്തില്‍ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത സൈനികരുടെ മൊഴി രേഖപ്പെടുത്താന്‍ നാഗാലാന്‍ഡിലെ പ്രത്യേക അന്വേഷണ സംഘത്തിന്(SIT) അനുമതി നല്‍കാമെന്ന് സൈന്യവും സമ്മതിച്ചിരുന്നു. എന്നാല്‍ അഫ്സ്പയുടെ കീഴിലായതിനാല്‍ സംസ്ഥാനതല സംഘത്തിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കുറെ വര്‍ഷങ്ങളായി ഓരോ ആറ് മാസം കൂടുമ്പോഴും നാഗാലാന്‍ഡില്‍ അഫ്സ്പ നീട്ടികൊണ്ടിരിക്കുകയാണ്. അഫ്സ്പ അടിച്ചേല്‍പ്പിക്കാനുള്ള ആദ്യത്തെ നടപടി പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുക എന്നതാണ്. കൊളോണിയല്‍ കാലംമുതല്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുപയോഗിക്കുന്ന ഒരു കരിനിയമമാണിത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button