National NewsNews

റിലയന്‍സില്‍ നേതൃമാറ്റ സൂചന നല്‍കി മുകേഷ് അംബാനി: ഇഷയോ ആകാശോ അനന്തോ?

ആകാശും ഇഷയും അനന്തും റിലയന്‍സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്ന് മുകേഷ് അംബാനി

നേതൃമാറ്റത്തിന്റെ സൂചനകള്‍ നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌ (Reliance Industries Limited) ചെയര്‍മാന്‍ മുകേഷ് അംബാനി (Mukesh Ambani). താനുള്‍പ്പെടെ എല്ലാ മുതിര്‍ന്നവരും യുവാക്കള്‍ക്ക് വഴിമാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് 64കാരനായ അംബാനി വ്യക്തമാക്കി. ഇതിനായി സ്ഥാപനത്തിലെ മുതിര്‍ന്നവര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഉയര്‍ന്ന കഴിവും അങ്ങേയറ്റം പ്രതിബദ്ധതയും ഭാവിയുടെ വാഗ്ദാനങ്ങളുമായ യുവപ്രതിഭകള്‍ റിലയന്‍സില്‍ ഉണ്ട്.’- മുകേഷ് അംബാനി പറഞ്ഞു. ഇതാദ്യമായാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനും ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി റിലയന്‍സിലെ നേതൃമാറ്റത്തെക്കുറിച്ച് സൂചന നല്‍കുന്നത്. മുകേഷ് അംബാനി- നിത അംബാനി (Nita Ambani) ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട് – ഇരട്ടകളായ ആകാശ്, ഇഷ, എന്നിവരും ഇളയ മകന്‍ അനന്തും.

ധീരൂഭായ് അംബാനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തുന്ന റിലയന്‍സ് ഫാമിലി ഡേയില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ”വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ശക്തവും പ്രശസ്തവുമായ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്മാറുമെന്നും അടുത്ത തലമുറയിലെ പ്രധാനികളെന്ന നിലയില്‍ ആകാശും ഇഷയും അനന്തും റിലയന്‍സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും” മുകേഷ് അംബാനി പറഞ്ഞു.

നിലവില്‍ റിലയന്‍സിന് പരമ്പരാഗത ഊര്‍ജ്ജ ബിസിനസ്സ്, റീട്ടെയില്‍ വിഭാഗം, ജിയോയുടെ കീഴിലുള്ള ടെലികോം, ഡിജിറ്റല്‍ ബിസിനസ്സ് എന്നിവ ഉള്‍പ്പെടെ മൂന്ന് ഘടകങ്ങളുണ്ട്. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ ഇതിനകം വിവിധ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇഷ അംബാനി (Isha Ambani) റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ (Reliance Retail Ventures) ഡയറക്ടറും, റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ (Jio Infocom) ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഇഷയുടെ ഇരട്ട സഹോദരന്‍ ആകാശ് അംബാനി (Akash Ambani) റിലയന്‍സ് ജിയോയുടെ ഡയറക്ടറാണ്. അനന്ത് അംബാനി (Ananth Ambani) 2020ല്‍ ജിയോ പ്ലാറ്റ്ഫോമിന്റെ (Jio Platform) അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റിരുന്നു. ഈ വര്‍ഷം ആദ്യം ആരംഭിച്ച പുതിയ ഊര്‍ജ്ജ സംരംഭത്തില്‍ ഡയറക്ടര്‍മാരിലൊരാളായും അനന്ത് ചുമതലയേറ്റെടുത്തു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button