Opinion

കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല; 137 വര്‍ഷം പഴക്കമുള്ള ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ശിഥിലമാകും

പതാക പൊട്ടിത്തകര്‍ന്ന ഈ പാര്‍ട്ടിക്ക് ഇനി പൊട്ടിത്തകരാന്‍ വേറൊന്നും ബാക്കിയില്ല

കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഇനിയും അധികാരത്തില്‍ വരുമോ? ഈ ചോദ്യം ചോദിച്ചത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്!

എന്റെ ഉത്തരം നടക്കാന്‍ സാധ്യതയില്ലെന്നാണ്. മാത്രമല്ല, അടുത്ത നിയമസഭാ ഇലക്ഷനോടു (Kerala Assembly Election 2026) കൂടി കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി പല ഭാഗങ്ങളായി ശിഥിലമാകും. പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് (Indian Union Muslim League) ശക്തിക്ഷയിച്ച് കൂടുമാറി എല്‍.ഡി.എഫ് ക്യാമ്പിലെത്തും. മറ്റൊരു പുരോഗമന ആശയം, വികസനം അതിനെ അഡ്രസ്സ് ചെയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഉയരാനുള്ള സാധ്യത കൂടും. അതിനെ അനുകൂലിച്ച് വലിയൊരു വിഭാഗം മിഡില്‍ ക്ലാസ് അങ്ങോട്ട് പോകാനുള്ള വലിയ സാധ്യത കാണുന്നു. അല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ മാറ്റം തന്നെ സംഭവിക്കണം! ലീഗ് മലബാര്‍ രാഷ്ട്രീയത്തോട് (Malabar Politics) മലബാര്‍ മുസ്ലിങ്ങള്‍ക്ക് പോലും പുച്ഛം തോന്നി തുടങ്ങി!

യുവതലമുറയ്ക്ക് (New Generation Politics) അവരുടെ അഭിലാഷവും പ്രചോദനവും വലിയ ഘടകമാണ്. അവര്‍ക്ക് ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരു താല്പര്യവും ഇല്ല. അവരില്‍ നല്ലൊരു ഭാഗത്തിനും ജാതി, മതം, വര്‍ഗീയത എന്നിവയോട് വലിയ വെറുപ്പാണ്. അവരുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ വിദ്യാഭാസം, നല്ലൊരു ജോലി, നല്ലൊരു ജീവിതശൈലി, കാര്യങ്ങള്‍ അറിഞ്ഞു കേട്ട് അവരെ ഉള്‍കൊള്ളുന്ന ഒരു ഭരണാധികാരി എന്നിവയാണ്. (അതാണ് ശശി തരൂരിന് (Shashi Tharoor) കേരളത്തില്‍ ഇത്രയും ആരാധകരുള്ളത്) അവര്‍ക്കു വിവാഹത്തോടും വിരക്തിയാണ്!

ഈയൊരു തലമുറയെ കണക്ട് ചെയ്യണം. അതായത് രാഷ്ട്രീയ നിറങ്ങളോട് ഈയൊരു കൂട്ടര്‍ക്ക് വെറുപ്പാണ്. അതിനെല്ലാം കാരണം അവര്‍ ലോകത്തെ വിരല്‍ തുമ്പിലൂടെ മനസിലാക്കുന്നു എന്നതാണ്. അവരുടെ സംശയങ്ങള്‍ ചോദ്യങ്ങള്‍ അതിനൊക്കെ ഉത്തരം കിട്ടുന്നു. ഗൂഗിളും യൂട്യൂബും ആണ് അവരുടെ മഹാഗുരു! സോഷ്യല്‍ മീഡിയ അവരുടെ ചലനങ്ങള്‍ ആണ്. പരമ്പരാഗത പത്രങ്ങള്‍ അവര്‍ തിരിഞ്ഞു നോക്കുകയില്ല. നീട്ടിവലിച്ചെഴുതുന്ന ലേഖനങ്ങളിലൂടെ അവര്‍ കണ്ണോടിക്കുക പോലുമില്ല.

അതേസമയം ബി ജെ പി കേരളത്തില്‍ ശക്തിപ്രാപിക്കാന്‍ സാധ്യത വിരളമാണ്. അവര്‍ മുന്നോട്ടു വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് കേരളത്തിലെ ഹൈന്ദവ കമ്മ്യൂണിറ്റിയില്‍ നിന്നുമാണ്. മലയാളികള്‍ക്ക് സര്‍വസമ്മതനായിരിന്നു മെട്രോമാന്‍ ഇ ശ്രീധരന്റെ (E Sreedharan) കാര്യം തന്നെയെടുക്കാം. പദ്മവിഭൂഷണ്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന ഒരു വ്യക്തിത്യം. പക്ഷെ ബിജെപിയില്‍ പോയത് മാത്രമല്ല അദ്ദേഹത്തോട് ഇവിടെയുണ്ടായ അകല്‍ച്ചയ്ക്ക് കാരണം. പകരം, മലയാളികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കൂടിയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ്, മറ്റ് മാംസം, മത്സ്യം എന്നിവ കഴിക്കുന്നത് ഹിന്ദുക്കള്‍ ആണ്. അത് അവന്റെ ജീവിതം കൂടിയാണ്. മുന്‍ ഡിജിപി ജേക്കബ് തോമസിനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ തൃശൂര്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ പോയി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതോടെ നിങ്ങളുടെ രാഷ്ട്രീയത്തില്‍ ഒരു തീരുമാനമായി. ആദ്യം കേരളത്തിന്റെ സാമൂഹിക ഘടന പഠിക്കണം. ഇന്ത്യയിലെ ചില മെട്രോ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്ലൂറല്‍ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന വലിയൊരു ഒറ്റ നഗരമാണ് കേരളമെന്ന സംസ്ഥാനം. എല്ലാവര്‍ക്കും 5 അല്ലെങ്കില്‍ 10 ശതമാനം വര്‍ഗീയതയൊക്കെ ഉണ്ടെന്നത് സത്യമാണ്. പക്ഷെ വലിയൊരു സമൂഹം ഒറ്റകെട്ടായി അവര്‍ക്ക് വര്‍ഗീയത വേണ്ടെന്ന് പറയുന്നു. അതാണ് സി.പി.എം നയിക്കുന്ന മുന്നണി ഇത്രയും സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വന്നത്. മലയാളികള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും അധികാരത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു. ഇതൊക്കെ വളരെ പ്രകടമായ കാര്യങ്ങളാണ്.

ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. വിവാഹപ്രായം (Women Marriage Age) 21 ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ (Child Marriage Amendment Bill 2021) കൊണ്ടുവന്നപ്പോള്‍ സിപിഎം കേന്ദ്ര നേതൃത്വം അതിനെ എതിര്‍ത്തതിന് പുറകെ കേരളാ നേതൃത്വവും അതിനെതിരെ രംഗത്തെത്തി. പക്ഷെ കേരളത്തില്‍ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ ബില്ലിനൊപ്പമാണ് നിലകൊണ്ടത്. വരാനിരിക്കുന്ന സാമൂഹിക നവോത്ഥാനത്തെ (Social Reformation) അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് മനസ്സിലാക്കിയാണ് സി.പി.എം പിന്നീട് അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതായത്. എന്നാല്‍ കേരളത്തിലെ ലീഗ് നേതാക്കള്‍ ഇതിന്റെ പേരില്‍ അപഹാസ്യരാകുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ വലിച്ചു കീറുന്നു. സ്വായം പ്രഖ്യാപിത ഹരിത നേതാവിനെ എടുത്തു കുടയുന്നു. നിങ്ങള്‍ എടുക്കുന്ന നിലപാടിലെ കപടതകള്‍ ഓരോന്നായി പൊളിയുന്നുവെന്നതാണ് ഇതിന്റെ യാഥാര്‍ഥ്യമെന്ന് മനസിലാക്കുക. അതാണ് പുതിയ ലോകം അഥവ ഡിജിറ്റല്‍ വേള്‍ഡ്. ലോകത്തിലെ ഓരോ ചലനങ്ങള്‍ അവരുടെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്നു. അവര്‍ അറിഞ്ഞ് ഒരാഴ്ച കഴിയും നിങ്ങള്‍ എല്ലാം അറിയാന്‍. അതായത് അറിവ് മനുഷ്യ സമൂഹത്തെ സ്വതന്ത്രമാക്കും, അവനെ ചിന്തിപ്പിക്കും. അബദ്ധജടിലമായ, അടിച്ചേല്‍പ്പിക്കുന്ന വസ്തുതകള്‍ അവര്‍ എടുത്ത് തോട്ടില്‍ കളയും. അതിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളും തോട്ടില്‍ പോകും. ആര്‍ക്കും വേണ്ടാത്ത അറപ്പുളവാക്കുന്ന ഒരു വേസ്റ്റ് ആയി മാറും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ‘മുജാഹിദ് ബാലുശ്ശേരി’ (Mujahid Balussery) എന്ന പ്രഭാഷകന്‍ ഇന്ന് നേരിടുന്ന പ്രശ്‌നം.

പറഞ്ഞു വരുന്നത് കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.ഫ് അധികാരത്തില്‍ വരില്ലെന്നാണ്. ഇന്നത്തെ നിലയ്ക്ക് ആ പാര്‍ട്ടി ഉദ്ദേശിക്കുന്ന മത, ജാതി, സമവാക്യങ്ങള്‍ മുഴുവനും പൊളിഞ്ഞു നാശമായി. ലീഗ് മലബാറില്‍ നേട്ടം ഉണ്ടാക്കിയാല്‍ തന്നെയും കേരളത്തിന്റെ തെക്കന്‍ പ്രദേശത്ത് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി പൊളിഞ്ഞു നാശമായി പോകും. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനെ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. എന്നാല്‍ ശശി തരൂരിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയാല്‍ സി.പി.എം ഉദ്ദേശിക്കുന്ന സമവാക്യതന്ത്രങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു പോകും. കേരളത്തിലെ 18 മുതല്‍ 45 വയസുള്ളവരെ തരൂര്‍ ആകര്‍ഷിക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് അധികാരത്തില്‍ വരും. സുധാകരന്‍, മുല്ലപ്പള്ളി, മുരളീധരന്‍, വി.ഡി സതീശന്‍ തുടങ്ങിയവരൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയടി നേടുന്നവര്‍ ആയിരിക്കും പക്ഷെ ഇവര്‍ക്കൊന്നും വോട്ടുകളുടെ നേട്ടം കൈവരിക്കാന്‍ കഴിയില്ല. ശശി തരൂര്‍ ആയതുകൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജയിക്കുന്നത്. മുരളീധരന്‍ അവിടെ മത്സരിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് പോകും. ചിലപ്പോള്‍ കെട്ടിവെച്ച പണം വരെ പോകുമെന്നും ഓര്‍മ്മയിരിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തുന്ന പ്രതിപക്ഷമാകും. അതാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി. 137 വര്‍ഷം ആഘോഷിച്ചപ്പോള്‍ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാക വരെ പൊട്ടി താഴെ വീണു (Congress Flag Falls). ഇനി പൊട്ടിത്തകരാന്‍ വേറെയൊന്നും ബാക്കിയില്ല ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക്(G.O.P).

Leave a Reply

Your email address will not be published. Required fields are marked *

Back to top button