Local NewsNews

പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്

സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ (Kaithapram Viswanathan) (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ട്രലില്‍ (MVR Cancer Center) ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ (Kaithapram Damodaran Namboothiri) ഇളയ സഹോദരനാണ്. ഇരുപത്തിമൂന്നോളം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ (Swathi Thirunnaal Sangeetha College Trivandrum) നിന്ന് ഗാനഭൂഷണം പാസായി. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരില്‍ ശ്രുതിലയ എന്ന സംഗീത വിദ്യാലയം ആരംഭിച്ചു.

കൈതപ്രം ഗാനരചനയും സംഗീതവും നിര്‍വഹിച്ച ‘ദേശാടനം’ (Desadanam) എന്ന ചലച്ചിത്രത്തില്‍ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് (Jayaraj) സംവിധാനം ചെയ്ത ‘കണ്ണകി’ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ‘കരിനീലക്കണ്ണഴകീ..’, ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ..’, ‘കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം..’ , ‘നീയൊരു പുഴയായ്..’, ‘എനിക്കൊരു പെണ്ണുണ്ട്..’ , ‘ആടെടീ ആടാടെടീ ആലിലക്കിളിയേ..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.

ഭാര്യ: ഗൗരിക്കുട്ടി. മക്കള്‍: അദിതി, നര്‍മദ, കേശവ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button