InvestigationLocal News

ആറാമനായ പ്രമുഖനെ സംരക്ഷിക്കാനാണ് സി.ബി.ഐയും ശ്രമിക്കുന്നത്: വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അമ്മ

മക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് സി.ബി.ഐ ഡമ്മി പരീക്ഷണമൊക്കെ നടത്തിയതെന്നും പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ (Walayar Sisters Death) മരണം ആത്മഹത്യയാണെന്ന കേരള പോലീസിന്റെ വാദം ശരിവച്ച് സി.ബി.ഐ (CBI) ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. തുടര്‍പീഡനങ്ങളാണ് (Walayar Rape Case) ആത്മഹത്യയ്ക്ക് കാരണമെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് പ്രതികളാക്കിയവരെ തന്നെയാണ് സി.ബി.ഐയും പ്രതിചേര്‍ത്തിരിക്കുന്നത്. വാളയാറില്‍ 14ഉം ഒമ്പതും വയസ്സുള്ള ഇരുകുട്ടികളും ഒരു വര്‍ഷത്തോളം ലൈംഗിക ഉപദ്രവത്തിന് ഇരയായെന്ന് കണ്ടെത്തിയ സി.ബി.ഐ കുട്ടികളുടേത് കൊലപാതകമല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂത്തകുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വി. മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പുളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും ആദ്യ കേസില്‍ പ്രതിയായ പതിനാറുകാരനുമാണ് പ്രതികള്‍. വിചാരണയ്ക്കിടെ ജീവനൊടുക്കിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപിന്റെ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ (DySp Ananthakrishnan) നേതൃത്വത്തിലുള്ള സംഘമാണ് ഒമ്പത് മാസം കൊണ്ട് അന്വേഷണം നടത്തി പാലക്കാട് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കേസില്‍ പ്രതിയായ ആറാമനെ സംരക്ഷിക്കാനാണ് കേരള പോലീസ് ശ്രമിച്ചതെന്നും സി.ബി.ഐയും ഇത് തന്നെയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ (Walayar Sisters Mother) നാരദയോട് പ്രതികരിച്ചു. കേസ് ആദ്യം അന്വേഷിച്ച സോജനെ പോലെ ഒരു ഉന്നതഉദ്യോഗസ്ഥന്‍ കൂലിപ്പണിക്കാരായ അഞ്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നത് ദുരൂഹമാണ്. മാത്രമല്ല, മക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് സി.ബി.ഐ ഡമ്മി പരീക്ഷണമൊക്കെ നടത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പൂര്‍ണ്ണമായ പ്രതികരണം.

‘സോജന്‍ അന്വേഷണം നിര്‍ത്തിയിടത്തുനിന്നാണ് സി.ബി.ഐ തുടങ്ങിയത്. അവര് ചെയ്ത തെറ്റ് തന്നെയാണ് ഇവരും ചെയ്തത്. മക്കള്‍ സ്വയം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഇവര് ഡമ്മി പരിശോധനയൊക്കെ നടത്തിയത്. ഡമ്മി പരിശോധന എന്തിനെന്ന് ഞങ്ങളുടെ ചോദ്യത്തിന് അവര് കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ല. അന്ന് ചോദിച്ചപ്പോള്‍ അന്വേഷണം കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിയിട്ടില്ല. ഞങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ് ഡമ്മി പരിശോധന (Dummy Experiment) നടത്തി പോയവര്‍ പിന്നെ എങ്ങനെ ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും? അത് മാത്രമല്ല, തുടക്കത്തില്‍ കുറെ കാര്യങ്ങളൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞാലേ കേസ് വിജയിക്കൂവെന്ന് സോജന്‍ പറഞ്ഞ് രേഖപ്പെടുത്തിയിരുന്നു. അതെല്ലാം ഞങ്ങള്‍ സി.ബി.ഐയോട് തുറന്നുപറയുകയും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

പിന്നെ വീട്ടില്‍ വച്ച് പ്രതിയെ ഏതൊക്കെ രീതിയിലാണ് കണ്ടതെന്ന് സി.ബി.ഐയോട് പറയുക മാത്രമല്ല, രേഖാമൂലം കത്തും അയച്ചിരുന്നു. ഇതെല്ലാം കണ്ട് മനസ്സിലാക്കിയിട്ടും എന്തുകൊണ്ട് ഇത്തരമൊരു കത്ത് നല്‍കിയതെന്ന് അന്വേഷിക്കാതെയാണ് അവര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേരളാ പോലീസ് പറഞ്ഞ അതേകാര്യങ്ങള്‍ ആവര്‍ത്തിക്കാനായി കേന്ദ്രത്തില്‍ നിന്ന് ഇവര്‍ വരേണ്ട കാര്യമുണ്ടായിരുന്നില്ല. കേസില്‍ ഈ അഞ്ച് പേരല്ലാതെ ആറമതായിട്ട് ഒരു പ്രമുഖ വ്യക്തിയുണ്ടെന്നതിന് യാതൊരു സംശയവുമില്ല. ആ ഒരു വ്യക്തിയെ സംരക്ഷിക്കാനായാണ് പ്രതികള്‍ ഇവര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നത്. അല്ലങ്കില്‍പ്പിന്നെ കൂലിപ്പണിക്കാരായ അഞ്ച് പേരെ സഹായിക്കാന്‍ സോജനെ പോലെ ഉന്നത റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ശ്രമിക്കുന്നത്? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ കുട്ടിയുടെ കൊലപാതക സാധ്യത പോലീസ് സര്‍ജന്‍ ചൂണ്ടിക്കാട്ടിയിട്ടും സി.ബി.ഐ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. തെളിവുകള്‍ ഉണ്ടായിട്ടും സോജനെ വെള്ളപൂശിക്കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.ബി.ഐയും ശ്രമിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയ ശേഷം അതിലെന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായ ശേഷം ഹൈക്കോടതിയില്‍ പോകാനാണ് ഞങ്ങളുടെ തീരുമാനം.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button