Local NewsNews

രാഷ്ട്രപതിക്ക് ബാത്റൂമില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്തവരാണ് ഇവിടെ കെ-റെയില്‍ ഓടിക്കാന്‍ പോകുന്നത്: കെ. മുരളീധരന്‍

സര്‍ക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് കെ. മുരളീധരന്‍(K Muraleedharan) എംപി. കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാപ്തരല്ല എന്ന് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാo സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് വി.ഐ.പി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും അത്തരമൊന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ലെന്നും കരാറുകാരനോട് ചോദിച്ചപ്പോള്‍ ഷെഡ്ഡുഡാക്കാന്‍ മാത്രമേ തന്നോട് പറഞ്ഞുള്ളൂവെന്നും വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നുമാണ് അയാള്‍ പറഞ്ഞതെന്നും കെ. മുരളീധരന്‍ പറയുന്നു. അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളമില്ലെന്ന് മനസിലായത്. പിന്നീട് ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നെന്നും രാഷ്ട്രപതിക്ക് ബാത്റൂമില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെ കെ-റെയില്‍ (K-Rail) ഇട്ടോടിക്കാന്‍ പോകുന്നുവെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും വെറുതെ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണ്. കെ-റെയിലിനെക്കുറിച്ച് യുഡിഎഫ് നേരത്തെ വിശദമായി പഠിച്ചതാണ്. വെറുതെ ധൂര്‍ത്ത് നടത്താനുള്ള പദ്ധതി മാത്രമാണിത്. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ-റെയില്‍ വരുത്തുക’ മുരളീധരന്‍ വിശദീകരിച്ചു.

‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥയെന്നും. ഭരിക്കുന്നവന്‍ നന്നെല്ലെങ്കില്‍ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ-റെയില്‍ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂര്‍ ആകും എന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പിണറായിയെ (Pinarayi Vijayan) കണ്ടു പഠിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലന്നും മുരളീധരന്‍ വ്യക്തമാക്കി. പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ശശി തരൂരിനെതിരായ (Shashi Tharoor) പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കോണ്ഗ്രസ് അധ്യക്ഷ ഉടന്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ പറയുന്നില്ല’- മുരളീധരന്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം, ഏകീകൃത സിവില്‍ കോഡിനുള്ള ശ്രമത്തിന്റെ മുന്നോടിയാണെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button