National NewsNews

ലുധിയാന കോടതിയിലെ സ്‌ഫോടനം; നിരോധിത സിഖ് സംഘടനയുടെ അംഗം ജര്‍മനിയില്‍ അറസ്റ്റില്‍ 

ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെയാണ് ഫെഡറല്‍ പോലീസ് ജര്‍മനിയില്‍ അറസ്റ്റ് ചെയ്തത് 

ലുധിയാന(Ludhiana) കോടതിയിലുണ്ടായ സ്ഫോടനത്തിന് (Ludhiana Court Bomb Blast)പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്(SFJ) അംഗം ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെ(Jaswinder Singh Multani) ജര്‍മ്മനി(Germany) പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും(Delhi) മുംബൈയിലും(Mumbai) തുടര്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഗൂഢാലോചനകള്‍ നടത്തുന്നതിനിടെയാണ് ഇയാളുടെ അറസ്‌റ്റെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബര്‍ 23ന് ലുധിയാനയിലെ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജര്‍മ്മനിയിലെ ബോണിലും(Bonn) ന്യൂഡല്‍ഹിയിലും(New Delhi) പ്രവര്‍ത്തിക്കുന്ന നയതന്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് പാകിസ്ഥാനുമായി ബന്ധമുള്ള ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികളെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജര്‍മ്മന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് മധ്യജര്‍മ്മനിയിലെ എര്‍ഫര്‍ട്ടില്‍ നിന്ന് ഫെഡറല്‍ പോലീസാണ് മുള്‍ട്ടാനിയെ പിടികൂടിയത്. പഞ്ചാബിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ഗവണ്മെന്റ് കണ്ടെത്തിയിരുന്നു. മുമ്പ് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ നിവാസിയായിരുന്നു ഇയാള്‍.

45കാരനായ മുള്‍ട്ടാനി എസ്എഫ്ജെ സ്ഥാപകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ(Gurupatwant Singh Pannu) അടുത്ത സഹായിയാണ്. മുമ്പും ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള പ്രവര്‍ത്തകരുടെ സഹായത്തോടെ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്ഫോടകവസ്തുക്കള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, പിസ്റ്റളുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആയുധങ്ങള്‍ കടത്തുന്നതിനിടെ മുള്‍ട്ടാനി സുരക്ഷാ ഏജന്‍സികളുടെ റഡാറില്‍ മുള്‍ട്ടാണി പ്രത്യക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടത്തുന്ന ചരക്കുകള്‍ ഉപയോഗിച്ച് പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മുള്‍ട്ടാനി പദ്ധതിയിട്ടിരുന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഗൂഢാലോചനയില്‍ മുള്‍ട്ടാനിയുടെ പങ്കാളിത്തത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ജര്‍മ്മന്‍ ഉന്നത നയതന്ത്രതലങ്ങളില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

കഴിഞ്ഞ ഫെബ്രുവരി 7ന് പഞ്ചാബ് പോലീസ് ടര്‍ന്‍ തരാണ്‍(Tarn taran) , അമൃത്സര്‍(Amritsar), ഫിറോസ്പൂര്‍(Firospur) എന്നിവിടങ്ങളില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും വെടിക്കോപ്പുകള്‍ക്കൊപ്പം എട്ട് നാടന്‍ പിസ്റ്റളുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ വന്‍തോതിലുള്ള ആക്രമണങ്ങളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ബല്‍ബീര്‍ സിംഗ് രാജേവാളിനെ(Balbir Singh Rajewal) കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട ജീവന്‍ സിംഗ്(Jeevan Singh) എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തതിരുന്നു. ഓഗസ്റ്റിലും ടര്‍ന്‍ തരാണില്‍നിന്ന് ഗ്രനേഡുകളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി ഇവരെയെല്ലാം മുള്‍ട്ടാനിയാണ് ഏകോപിപ്പിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും മുള്‍ട്ടാനി നല്‍കിയിരുന്നെന്നും പോലീസ് വ്യക്തമാക്കി.

ലുധിയാന കോടതി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ദീപ് സിംഗിന് ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുമായും ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്നും സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ചില സംഘടനകളാകാമെന്നും പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ സിദ്ധാര്‍ത്ഥ് ചതോപാധ്യായ(Siddarth Chattopadhyaya) പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button