Sports

അരങ്ങേറ്റക്കാരന്‍ ബോളണ്ടിന് നാലോവറില്‍ ആറ് വിക്കറ്റ്: ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തി

ടെസ്റ്റിലെ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ്

ആഷസ് ടെസ്റ്റില്‍ (Ashes Test) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലണ്ട്. ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസ്‌ട്രേലിയയുടെ വിജയം. സ്‌കോര്‍ ഇംഗ്ലണ്ട്: 185, 68, ഓസ്‌ട്രേലിയ 267.

രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ പേസ് ബൗളര്‍ സ്‌കോട്ട് ബോളണ്ട് (Scott Boland) ആണ് ഓസീസിന് കളിയുടെ മൂന്നാം ദിനം തന്നെ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ കേവലം നാല് ഓവര്‍ മാത്രം പന്തെറിഞ്ഞ രണ്ട് ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ വീതവും രണ്ട് ഓവറുകളില്‍ ഓരോ വിക്കറ്റും നേടി. തന്റെ പത്തൊമ്പതാം പന്തിലാണ് ബോളണ്ട് അഞ്ച് വിക്കറ്റ് തികച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇന്നിംഗ്‌സിലെ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടങ്ങളിലൊന്നാണ് ഇത്. 1974ല്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയന്‍ മീഡിയം പേസര്‍ എര്‍ണി ടൊഷാക്കും(Ernie Toshack) 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിലെ സ്റ്റുവര്‍ട്ട് ബ്രോഡും (Stuart Broad) 19-ാം പന്തില്‍ അഞ്ചാം വിക്കറ്റ് നേടിയിട്ടുണ്ട്. തന്റെ 32-ാം വയസ്സില്‍ അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ബോളണ്ട് തന്നെയാണ് കളിയിലെ കേമന്‍.

ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര ഓസ്‌ട്രേലിയ നേടി. 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് പതിനഞ്ച് ഓവറുകള്‍ കൂടിയാണ് പിടിച്ചുനില്‍ക്കാനായത്. മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ കളി അവസാനിച്ചു. ഇന്നലെ പതിനൊന്നാം ഓവര്‍ എറിയാനെത്തിയ ബോളണ്ട് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയിരുന്നു. ഇന്ന് 23-ാം ഓവറിലാണ് ബോളണ്ടിനെ ക്യാപ്റ്റന്‍ വീണ്ടും പന്തേല്‍പ്പിച്ചത്. അതില്‍ ജോണി ബര്‍സ്‌റ്റോയെയും (Jonny Bairstow) (അഞ്ച്) 25-ാം ഓവറില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനെയും (Joe Root) (28) ബോളണ്ട് പുറത്താക്കി. 27-ാം ഓവറില്‍ ബോളണ്ട് രണ്ട് വിക്കറ്റ് കൂടിയെടുത്തു. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും (Mitchell Starc) തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ റൂട്ടിനെ കൂടാതെ ബെന്‍ സ്‌റ്റോക്‌സിന് (Ben Stokes) (11) മാത്രമാണ് രണ്ടക്കം കാണാനായത്.

പരമ്പരയിലെ നാലാം മത്സരം ജനുവരി അഞ്ചിന് സിഡ്‌നിയില്‍ ആരംഭിക്കും.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button