National NewsNews

വെള്ളക്കോട്ട് ഊരിനല്‍കാന്‍ തീരുമാനിച്ച് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും ഇന്നുമുതല്‍ പൂര്‍ണമായും അടച്ചിടുമെന്ന് ഫോര്‍ഡ

നീറ്റ്, പിജി കൗണ്‍സലിംഗ് (PG, Neet Counciling) വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ റസിഡന്റ് ഡോക്ടര്‍മാര്‍ (Resident Doctors) നടത്തി വരുന്ന സമരം ശക്തിമാകുന്നു. സുപ്രീം കോടതിയിലേക്കുള്ള മാര്‍ച്ചിനിടെ പോലീസ് തങ്ങളെ അകാരണമായി മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. ഇതിനിടെ ഡല്‍ഹി പോലീസ് ഡോക്ടര്‍മാര്‍ക്കെതിരെ കലാപം, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ തിങ്കളാഴ്ച വൈകുന്നേരം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ (Safdarjang Hospital) ഒത്തുചേര്‍ന്ന് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും ഇന്നുമുതല്‍ പൂര്‍ണമായും അടച്ചിടുമെന്ന് ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ഫോര്‍ഡ) അറിയിച്ചു. പോലീസ് നടപടിയെ കിരാതമെന്ന് അപലപിച്ച സംഘടന മെഡിക്കല്‍ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇന്നലെ അരങ്ങേറിയ സംഭവപരമ്പരകളെന്ന് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന തങ്ങളെ അകാരണമായി പോലീസ് മര്‍ദിക്കുകയായിരുന്നുവെന്നും കൂടാതെ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ റെസിഡന്റ് ഡോക്ടര്‍ അനൂജ് അഗര്‍വാള്‍ (Anuj Agarwal) മാധ്യമങ്ങളോട് പറഞ്ഞു

പതിവ് അത്യാഹിതസേവനങ്ങളില്‍ നിന്നും പൂര്‍ണമായി പിന്മാറിയതിന് പിന്നാലെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തങ്ങളുടെ വെള്ളകോട്ട് അധികൃതര്‍ക്ക് തിരികെ നല്‍കാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി അടുത്തിടെ ഏര്‍പ്പെടുത്തിയ ക്വാട്ടയെച്ചൊല്ലി സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളാണ് നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിന് കാരണം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button