National NewsNews

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; രണ്ടുപേരെക്കൂടി പ്രതിചേര്‍ത്തു

പൂജ ശകുന്‍ പാണ്ഡെ, ധരംദാസ് മഹാരാജ് തുടങ്ങിയവരെയാണ് പ്രതിചേര്‍ത്തത്

ഉത്തരാഖണ്ഡിലെ (Utharakhand) ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത കേസില്‍ പോലീസ് രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി പൂജ ശകുന്‍ പാണ്ഡെ(Pooja Shakun Pandey) എന്ന ‘സാധ്വി അന്നപൂര്‍ണ’, ബിഹാറില്‍ നിന്നുള്ള ധരംദാസ് മഹാരാജ് എന്നിവരെ കൂടിയാണ് പ്രതിചേര്‍ത്ത്. ഈമാസം 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നടന്ന പരിപാടിക്കിടയിലാണ് വിദ്വേഷ പ്രസംഗം അരങ്ങേറിയത്. ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന വസീം റിസ്വി(Wasim Riswi) ക്കെതിരെ 23ന് പോലീസ് കേസെടുത്തിരുന്നു. ‘വസീം റിസ്വിയെയും മറ്റുള്ളവരെയും’ എന്ന് മാത്രം പരാമര്‍ശിച്ച് ഒരു പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മാത്രം പ്രതിചേര്‍ത്തത്. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന റിസ്വി അടുത്തിടെ ഹിന്ദുമതം സ്വീകരിച്ചിരുന്നു.

നിരവധി പേരെ ചോദ്യംചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍(Ashok Kumar) മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തീവ്രവാദ വിരുദ്ധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ (UAPA) വ്യവസ്ഥകള്‍ നിലവിലുള്ള കേസില്‍ ചേര്‍ക്കുന്നത് നിയമപരമായി പരിശോധിച്ചുവരികയാണെന്നും കുമാര്‍ പറഞ്ഞു. ‘യുഎപിഎ ചുമത്താനാകുമോ ഇല്ലയോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്, ഇത് കേസിന്റെ വസ്തുതകളെ ആശ്രയിച്ചിരിക്കും, ഞങ്ങള്‍ അത് നിയമപരമായി പരിശോധിക്കും’- അദ്ദേഹം പറഞ്ഞു.

ഹരിദ്വാര്‍ പോലീസ് ഐപിസി സെക്ഷന്‍ 153 എ പ്രകാരം (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്) അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു വീഡിയോ ക്ലിപ്പില്‍, കുറ്റാരോപിതയായ പൂജ ശകുന്‍ പാണ്ഡെ, ഹിന്ദുക്കള്‍ പുസ്തകങ്ങള്‍ ഉപേക്ഷിച്ച് മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കണമെന്ന് പറയുന്നത് കാണാം. മറ്റൊരു പ്രതി ധരംദാസ് മഹാരാജ്, ‘ഇന്ത്യയില്‍ 500 പാകിസ്ഥാനുകളുണ്ടെന്ന്’ പറയുന്നു, അവിടെ ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയില്ല, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കൊല്ലാനും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. യോഗം സംഘടിപ്പിച്ച നരസിംഹാനന്ദിനെതിരെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും മുന്‍പ് നിരവധി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം, ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തിനിടെ മുഹമ്മദ് നബിയെക്കുറിച്ച് ഇയാള്‍ നടത്തിയ പരാമര്‍ശങ്ങളൂടെ പേരിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.

ഇതിനിടെ ഒരു സംഘം അഭിഭാഷകര്‍ ഈ വിഷയത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഡല്‍ഹിയിലും ഹരിദ്വാറിലും നടന്ന രണ്ട് വ്യത്യസ്ത പരിപാടികളിലെ വിദ്വേഷ പ്രസംഗത്തിനെതിരെ സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ ഞായറാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക്(NV Ramanna) കത്തെഴുതുകയായിരുന്നു. പട്ന ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ്, മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവെ, മീനാക്ഷി അറോറ എന്നിവര്‍ ഒപ്പിട്ട കത്തില്‍, ചടങ്ങുകളില്‍ നടത്തിയ പ്രസംഗങ്ങള്‍ കേവലം വിദ്വേഷ പ്രസംഗങ്ങളള്‍ മാത്രമല്ലെന്നും, മറിച്ച് ഒരു സമുദായത്തില്‍പെട്ടവരെ മുഴുവന്‍ കൊലപ്പെടുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ആഹ്വാനമാണെന്നും ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്ലീം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button