National NewsNews

ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും

രാജ്യതലസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യു (Night Curfew) ഏര്‍പ്പെടുത്തും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്ച 290 പുതിയ കോവിഡ് കേസുകളും (Covid 19) ഒരു മരണവുമാണ് രാജ്യതലസ്ഥാനത് റിപ്പോര്‍ട്ട് ചെയ്തത്. 16 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. ഈയവസ്ഥ തുടര്‍ന്നാല്‍ ‘യെല്ലോ അലേര്‍ട്ട്’ (Yellow Alert) പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിരവധി അധികനിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡല്‍ഹി സര്‍ക്കാരിന്റെ നാല്-ഘട്ട ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന് (Grade Response Action Plan) (GRAP) കീഴിലുള്ള യെല്ലോ അലേര്‍ട്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് ജൂലൈയില്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (Delhi Disaster Management Authority) GRAPയെ അംഗീകരിച്ചിരുന്നു. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും മാറ്റം വരുത്തുന്നതും.

രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ച മിക്ക പ്രവര്‍ത്തനങ്ങളും ജാഗ്രതാ നിര്‍ദേശം നല്‍കിയാല്‍ അവതാളത്തിലാകുമെന്നതിനാല്‍ അവശ്യസാധനങ്ങളും സേവനങ്ങളും വില്‍ക്കുന്ന കടകളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം നിയന്ത്രിക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയായിരിക്കും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകുക.

നഗരത്തിലെ റെസ്റ്റോറന്റുകള്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയും ബാറുകള്‍ 12 മുതല്‍ രാത്രി 10 വരെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നിലവില്‍ പ്രേക്ഷകര്‍ക്കായി തുറന്നിരിക്കുന്ന സിനിമാ ഹാളുകളും മള്‍ട്ടിപ്ലക്‌സുകളും, സല്‍ക്കാര ഹാളുകളും ഓഡിറ്റോറിയങ്ങളും അടച്ചിടും. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

സ്പാകള്‍, ജിമ്മുകള്‍, യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവ അടച്ചിടും. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ അടച്ചിടും. എന്നാല്‍ ഇവിടങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. പൊതു പാര്‍ക്കുകളും തുറന്ന് പ്രവര്‍ത്തിക്കും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും യെല്ലോ അലര്‍ട്ട് ബാധകമാകില്ല.

ഡല്‍ഹി മെട്രോ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായി സര്‍വ്വീസ് നടത്തും. അന്തര്‍സംസ്ഥാന ബസുകളില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഓട്ടോ, ഇ-റിക്ഷ, ടാക്‌സി, സൈക്കിള്‍ റിക്ഷ എന്നിവയില്‍ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക, രാഷ്ട്രീയ, മത, ഉത്സവ, വിനോദ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരും. ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും.

സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവയും അടച്ചിടും. സ്വകാര്യ ഓഫീസുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഡല്‍ഹിയില്‍ ഇതുവരെ 14,43,352 കൊറോണ വൈറസ് കേസുകളും 25,105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സജീവമായ കേസുകളുടെ എണ്ണം 1,103 ആണ്, ഇതില്‍ 583 രോഗികള്‍ ഹോം ഐസൊലേഷനിലാണ്.

ആഗോളതലത്തില്‍ തന്നെ ഭീതി സൃഷ്ടിച്ച ഒമിക്രോണ്‍ വകഭേദത്തിന്റെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവിന്റെയും ശനിയാഴ്ച ഡല്‍ഹിയിലെ പ്രതിദിന കേസുകളുടെ എണ്ണത്തിലുണ്ടായ 38 ശതമാനം വര്‍ധനവിന്റെയും പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതലുകള്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button