National NewsNews

ഛണ്ഡിഗഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് നേട്ടം

സിറ്റിംഗ് മേയര്‍ രവികാന്ത് ശര്‍മയുടെ അപ്രതീക്ഷിത പരാജയം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി

ചണ്ഡിഗഡ് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് (Chandigarh Municipal Council) നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് (Aam Aadmi Party) വിജയം. ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. ബി.ജെ.പിക്ക് 12ഉം കോണ്‍ഗ്രസിന് 8 ഉം ശിരോമണി അകാലിദളിന് (Shiromani Akalidal) ഒന്നും സീറ്റുകള്‍ വീതം ലഭിച്ചു. സിറ്റിംഗ് മേയര്‍ രവികാന്ത് ശര്‍മയുടെ അപ്രതീക്ഷിത പരാജയം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ധറം വീര്‍ സിങിനോട് 828 വോട്ടുകള്‍ക്കാണ് രവികാന്ത് ശര്‍മ്മ പരാജയപ്പെട്ടത്.

ശക്തമായ സുരക്ഷാസംവിധാനങ്ങളോടെ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആദ്യമായാണ് ചണ്ഡിഗഡ് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ (Manish Sisodia) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചണ്ഡിഗഡില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും പരമ്പരാഗതമായി മേധാവിത്വമുള്ള ചണ്ഡിഗഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത വിജയം പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വരുംദിവസങ്ങളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

ആം ആദ്മിയുടെ വിജയത്തില്‍ ചണ്ഡിഗഡ് ജനതയ്ക്ക് നന്ദി പറഞ്ഞ ആം ആദ്മി എം.എല്‍.എയും പാര്‍ട്ടിയുടെ പഞ്ചാബിലെ അമരക്കാരനുമായ രാഘവ് ചാദ (Raghav Chadha) ചണ്ഡിഗഡിലെ വിജയം ഒരു സൂചന മാത്രമാണെന്നും പഞ്ചാബാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button