Local NewsNews

മൃത്യുവിന്റെ ഗുഹയിലൊളിച്ച് കെ.എസ് സേതുമാധവന്‍

മലയാള സിനിമയെ നാടകീയതയില്‍ നിന്ന് മോചിപ്പിച്ച സംവിധായകന്‍

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (K.S Sethumadhavan) (90) അന്തരിച്ചു. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കിയ സംവിധായകനാണ് സേതുമാധവന്‍. മമ്മൂട്ടി (Mammootty) ആദ്യമായി അഭിനയിക്കുകയും സത്യന്‍ (Sathyan) അവസാനമായി അഭിനയിക്കുകയും ചെയ് അനുഭവങ്ങള്‍ പാളിച്ചകള്‍ പോലെ പ്രശസ്തമായ ഒട്ടനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ചെന്നൈയിലെ കോടമ്പക്കത്ത് ഡയറക്ടേഴ്‌സ് കോളനിയുള്ള വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം (J.C Daniel Award) ഇദ്ദേഹത്തിനായിരുന്നു.

1951ല്‍ പുറത്തിറങ്ങിയ മമയോഗി എന്ന ചിത്രത്തില്‍ രാമനാഥന്റെ സഹായിയായാണ് സിനിമാജീവിതത്തിന് തുടക്കംകുറിച്ചത്. 1961ല്‍ സിംഹള ചിത്രമായ വീരവിജയത്തിലൂടെ സ്വതന്ത്ര സംവിധായകനായി. അതേവര്‍ഷം തന്നെ ടി.ഇ വാസുദേവന്‍ നിര്‍മ്മിച്ച ജ്ഞാനസുന്ദരി സംവിധാനം ചെയ്തത് മലയാളത്തിലും തുടക്കം കുറിച്ചു.

മലയാള സിനിമയെ നാടകീയതയില്‍ നിന്നും മോചിപ്പിച്ച സംവിധായകന്‍ എന്ന നിലയിലാണ് സേതുമാധവന്‍ ഓര്‍ക്കപ്പെടുക. ഉലകനായകന്‍ കമല്‍ഹാസനെ (Kamal Haasan) മലയാളത്തില്‍ അവതരിപ്പിച്ചതും സേതുമാധവന്‍ ആണ്. കണ്ണും കരളും എന്ന സിനിമയില്‍ ബാലതാരമായി എത്തിയ കമലിനെ കന്യാകുമാരി എന്ന ചിത്രത്തിലൂടെ യുവാവായും മലയാളത്തില്‍ അവതരിപ്പിച്ചു. ജഗതി ശ്രീകുമാര്‍ (Jagathi Sreekumar) സിനിമയിലെത്തിയതും കന്യാകുമാരിയിലൂടെയാണ്.

ആറ് ഭാഷകളിലായി 65 സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകള്‍ അദ്ദേഹം ചലച്ചിത്രമാക്കി. എം.ടി വാസുദേവന്‍ നായരുടെ (M.T Vasudevan Nair) തിരക്കഥയിലൊരുക്കിയ വേനല്‍ക്കിനാവുകള്‍(1991) ആണ് അവസാനത്തെ ചിത്രം. 1931ല്‍ സുബ്രഹ്‌മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാടുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വത്സല, മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button