National NewsNews

ലൈംഗികബന്ധത്തിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനാക്കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം

നീണ്ടകാലത്തെ ശാരീരിക ബന്ധത്തിന് (Sexual Relation) ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 417-ാം വകുപ്പ് പ്രകാരം ‘വഞ്ചന’ (Cheating) എന്ന കുറ്റമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). പരസ്പരസമ്മതത്തോടെ ദീര്‍ഘകാലം ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധത്തിനു ശേഷം വിവാഹത്തിന് വിസമ്മതിച്ചെന്നതായിരുന്നു (Refusal to Marry) കുറ്റം.

ഇയാള്‍ക്കെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി വഞ്ചനാകേസില്‍ ഇയാളെ ശിക്ഷിക്കുകയും, ബലാത്സംഗക്കേസില്‍ വെറുതെ വിടുകയും ചെയ്തിരുന്നു. ഇതിനെതിയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. താന്‍ വഞ്ചിതയായെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പര സമ്മതത്തോടെയായിരുന്നെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button