InvestigationLocal NewsNews

വിവാഹം സ്ത്രീകളെ സംബന്ധിച്ച് ഒരു നല്ല അനുഭവമാക്കിക്കൊടുക്കാന്‍ പുരുഷന്മാര്‍ക്ക് സാധിച്ചിട്ടില്ല

ഏകീകൃത സിവില്‍കോഡ് ഒരു കാളകൂട വിഷമാണ് അതിന്റെ പ്രതിഫലനമാണ് സ്ത്രീ വിവാഹ പ്രായം 21 ആക്കുന്നത്

സ്ത്രീകളുടെ വിവാഹപ്രായം (Women Marriage Age) 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. അതേസമയം ബി.ജെ.പി സര്‍ക്കാരിന്റെ ഈ തീരുമാനെതിരായ നിലപാടാണ് ശബരിമല തന്ത്രി കുടുംബാംഗവും ബി.ജെ.പി അനുകൂലിയുമായ രാഹുല്‍ ഈശ്വര്‍ (Rahul Easwar) സ്വീകരിച്ചിരിക്കുന്നത്. വിവിധ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് താനിത്തരമൊരു നിലപാടെടുത്തതെന്ന് രാഹുല്‍ നാരദ ന്യൂസിനോട് (Narada News) വിശദീകരിച്ചു. നാരദ ന്യൂസ് പ്രതിനിധി സഹര്‍ഷുമായി രാഹുല്‍ ഈശ്വര്‍ നടത്തിയ സംഭാഷണം.

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ശ്രമം ഏകീകൃത സിവില്‍ കോഡിലേക്കുള്ള ഒരു കുറുക്കു വഴിയാണ്. മുസ്ലിം സമൂഹത്തെ ലക്ഷ്യംവയ്ക്കുന്ന ഈ നിയമം മുസ്ലീം സമൂഹത്തിലെ ജനന നിരക്ക് കുറക്കുന്നതിനും ഒപ്പം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള ന്യൂനപക്ഷ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തി ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് (Uniform Civil Code) നടപ്പിലാക്കാനാണ് ഈ നിയമത്തിലൂടെ തീവ്ര വലതുപക്ഷ പിന്തുണയുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അപ്രസക്തവും അനാവശ്യവുമാണ്.

വിവാഹ പ്രായം വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനമാണ്. ഏകീകൃത സിവില്‍കോഡ് ഒരു കാളകൂട വിഷമാണ്. അതിന്റെ പ്രതിഫലനമായാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയെ നശിപ്പിക്കുമെന്ന് RSS സര്‍സംഘ് ചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ (M.S Golwalkar) 1972ല്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് വിവാഹ പൂര്‍വ്വ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

വിവാഹ പ്രായം 21 ആക്കുന്നതില്‍ സ്ത്രീകളുടെ നിലപാട് എന്താകാനാണ് സാധ്യത?

എന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 90 മുതല്‍ 99 ശതമാനം സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നുണ്ട്. ഇതിനുകാരണം 90 ശതമാനം സ്ത്രീകള്‍ക്കും വിവാഹമെന്നത് ഒരു നല്ല അനുഭവമാക്കിക്കൊടുക്കുവാന്‍ പുരുഷന്മാര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ്. ഇത് പുരുഷ സമൂഹത്തിന്റെ പരാജയമാണ്.

രാഷ്രീയ ഗൂഢോദ്ദേശ്യം മാറ്റിനിര്‍ത്തിയാല്‍ വ്യക്തിപരമായി, വിവാഹപ്രായം 21 ആക്കുന്നതില്‍ രാഹുലിന് എന്താണ് അഭിപ്രായം?

നിഷ്‌കളങ്കമായി പറയുകയാണെങ്കില്‍ വിവാഹ പ്രായം 21 ആക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല.

വിവാഹ പ്രായം 21 ആക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനു തുല്യമാണെന്ന വാദം ശരിയാണോ?

വ്യക്തിസ്വാതന്ത്ര്യം ഇതില്‍ പ്രയോഗിക്കുന്നത് സംവാദ ചര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി മാത്രമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറയാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല.

സ്ത്രീ-പുരുഷ സമത്വം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന സ്ത്രീകള്‍ക്ക് വിവാഹപ്രായം 18 ആക്കിയപ്പോള്‍ പുരുഷന് 21 എന്ന് നിശ്ചയിച്ചതിന്റെ മാനദണ്ഡമെന്താണ്?

ഒരേ പ്രായമുള്ള സ്ത്രീ-പുരുഷന്മാരില്‍ സ്ത്രീകള്‍ക്ക് മൂന്ന് വയസ്സ് മെന്റല്‍ ഏജ് കൂടുതലാണെന്ന കാഴ്പ്പാടിലായിരുന്നു ആ തീരുമാനം.

ഈ പറയുന്ന മെന്റല്‍ ഏജ് വ്യത്യാസത്തിന് ഏതെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെയോ സിദ്ധാന്തങ്ങളുടെയോ പിന്‍ബലമുള്ളതായി അറിയുമോ?

അങ്ങനെയൊന്നുള്ളതായി അറിയില്ല. ഇത് വിശ്വാസങ്ങളുടെ മേല്‍ പടുത്തുയര്‍ത്തിയ കാഴ്ചപ്പാടാണ്.

വിവാഹപ്രായം ഒന്നുകില്‍ സ്ത്രീക്കും പുരുഷനും 18 അല്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും 21 ഇതില്‍ ഏതാണ് രാഹുലിന്റെ അഭിപ്രായം?

ഇത് രണ്ടും തെറ്റാണ്. ഇപ്പോഴുള്ള സാഹചര്യം നിലനിര്‍ത്തുക. ലോ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് പുരുഷന്റെ വിവാഹപ്രായം 18 ആക്കണമെന്നാണ്.

ഏകീകൃത സിവില്‍ കോഡ് അനാവശ്യമാണെന്ന ഗോള്‍വാള്‍ക്കറുടെ അഭിപ്രായം ഒരു അതിബുദ്ധിയല്ലേ? കാരണം ഏകീകൃത സിവില്‍കോഡ് എന്ന ആശയം മുന്നോട്ട് വച്ചാല്‍ RSS വിഭാവനം ചെയുന്ന മനുസ്മൃതിയേയും അതിലുള്ള ബ്രാഹ്‌മണിക്കല്‍ മേല്‍ക്കോയ്മയും തകരും എന്ന് തിരിച്ചറിഞ്ഞിട്ടാകുമോ?

അങ്ങനെയല്ല. അദ്ദേഹം മതസൗഹാര്‍ദ്ദമാണ് മുന്നോട്ട് വച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button