National NewsNews

പശുവിനെക്കുറിച്ച് പറയുന്നത് എന്തോ അപരാധം പോലെയാണ് ചിലര്‍ കരുതുന്നതെന്ന് നരേന്ദ്ര മോദി

പശുക്കളേയും പോത്തുകളേയും കളിയാക്കുന്നവര്‍ മറക്കുന്നത് രാജ്യത്തെ എട്ട് കോടി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഈ കന്നുകാലികളാണെന്നതാണ്

പശുക്കളെ അമ്മയയെ പോലെ ബഹുമാനിക്കുന്നുവെന്നും പശുവിനെക്കുറിച്ച് സംസാരിക്കുന്നത് ചിലര്‍ വലിയ അപരാധം പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ 870 കോടി രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.

‘ഇന്ത്യയുടെ ക്ഷീരമേഖലയെ (Diary Sector) ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാരിന്റെ മുന്‍ഗണനകളിലൊന്നാണ്, പശുക്കളേയും പോത്തുകളേയും കളിയാക്കുന്നവര്‍ മറക്കുന്നത് രാജ്യത്തെ എട്ട് കോടി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഈ കന്നുകാലികളാണെന്നതാണ്’- ഉദ്ഘാടനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പാലുല്‍പ്പാദനം 6-7 വര്‍ഷം മുമ്പത്തേക്കാള്‍ 45 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്നും ലോകത്തെ പാല്‍ ഉല്‍പാദനത്തിന്റെ (Dairy Production) 22 ശതമാനവും ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശാണ് രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്നും ക്ഷീരമേഖലയുടെ വിപുലീകരണത്തില്‍ ഉത്തര്‍പ്രദേശ് വളരെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷീര-മൃഗസംരക്ഷണ മേഖലയ്ക്ക് രാജ്യത്തിന്റെ ധവളവിപ്ലവത്തിലെ പുത്തന്‍ ഊര്‍ജ്ജത്തിനും കര്‍ഷകരുടെ അവസ്ഥ മാറ്റുന്നതിലും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും, രാജ്യത്തെ 10 കോടിയിലധികം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് അധിക വരുമാനത്തിന്റെ വലിയ സ്രോതസ്സായി മൃഗസംരക്ഷണം മാറുമെന്നും ഇന്ത്യയിലെ പാലുല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തു വലിയൊരു വിപണിയുണ്ടന്നും കര്‍ഷകര്‍ക്ക് വളരാന്‍ അവിടെ ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന്റെ (Charan Singh) ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഉദ്ഘാടനത്തിന് മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി (Yogi Adityanath) പ്രധാനമന്ത്രി വികസന പദ്ധതികള്‍ അവലോകനം ചെയ്തിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button