National NewsNews

ഹിന്ദു രാഷ്ട്രം സംരക്ഷിക്കാന്‍ വേണമെങ്കില്‍ ആയുധമെടുക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബി.ജെ.പി നേതാക്കള്‍

തെളിവ് സഹിതം പരാതി കൊടുത്ത് നാല് ദിവസമായിട്ടും നടപടിയില്ല

അക്രമത്തിന് ആഹ്വാനം ചെയ്ത് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (BJP). ഹിന്ദു രാഷ്ട്രം സംരക്ഷിക്കുന്നതിനായി, ആവശ്യമെങ്കില്‍ ആയുധമെടുക്കുമെന്നാണ് ബി.ജെ.പിയുമായി ബന്ധമുള്ള നേതാക്കള്‍ ഡല്‍ഹിയിലും ഹരിദ്വാറിലും പ്രതിജ്ഞ എടുത്തത്. സുദര്‍ശന്‍ ന്യൂസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സുരേഷ് ചവാങ്കെ (Suresh Chavanke), ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ, മതനേതാവ് യതി നരസിംഹാനന്ദ സരസ്വതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചാവാങ്കെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ ചാവാനും കൊല്ലാനും ജനങ്ങളോട് ആവശ്യപ്പെടുകയും സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നിരവധി ബിജെപി നേതാക്കളും പ്രഭാഷകരും സോഷ്യല്‍ മീഡിയയില്‍ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയും രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരെ പരസ്യമായി നടത്തുന്ന വിദ്വേഷ പ്രസംഗം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വ്യാപകമായ പ്രതിഷേധമാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാനമായ പ്രതിജ്ഞയെടുപ്പ് നടന്നു. യതി നരസിമഹാനന്ദ്(Yati Narasimhanand) സംഘടിപ്പിച്ച ‘ധര്‍മ്മ സന്‍സദ്’ എന്ന മതസംഗമത്തില്‍ കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനവും ഹിന്ദു രാഷ്ട്രത്തിനായി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന പ്രസംഗങ്ങളുടെ വീഡിയോകളാണ് പുറത്തുവന്നത്. മുന്‍ സൈനിക മേധാവികളും നിരവധി രാഷ്ട്രീയനേതാക്കളും വിഷയത്തില്‍ അപലപികുകയും ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ (Saket Gokhale) തിങ്കളാഴ്ച സമാപിച്ച ത്രിദിന ധര്‍മ്മ സന്‍സദിന്റെ സംഘാടകര്‍ക്കും പ്രഭാഷകര്‍ക്കും എതിരെ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ നാല് ദിവസമായിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പ്രഭാഷകരില്‍ പലരും ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്. അതേസമയം ഇതുവരെ പരാതിയൊന്നും നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പോലീസ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗങ്ങളുടെ നിരവധി വീഡിയോകള്‍ ഇതിനകം തന്നെ പൊതുജനങ്ങളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ”പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്,” എന്നാണ് ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ സിംഗ്(Swatantra Kumar Singh) പറഞ്ഞത്.

വിദ്വേഷ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് മുമ്പും ആരോപണവിധേയനായ ആളാണ് മതനേതാവ് യതി നരസിംഹാനന്ദ്. മുന്‍പ് വിദ്വേഷ പ്രസംഗം നടത്തിയ കേസുകളില്‍ ജാമ്യം നേടിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്ന് സാകേത് ഗോഖലെയുടെ പരാതിയില്‍ പറയുന്നു. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഹിന്ദു രക്ഷാസേനയുടെ പ്രബോധാനന്ദ ഗിരി(Prabodhanand Giri), ബിജെപി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി(Udita Tyagi),ബിജെപി നേതാവ് അശ്വിനി ഉപാധ്യായ് (Ashwini Upadhyay), 2019-ല്‍ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും നാഥുറാം ഗോഡ്സെയെ സ്തുതിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത പൂജ ശകുന്‍ പാണ്ഡെ(Pooja Shakun Pandey) എന്ന ‘സാധ്വി അന്നപൂര്‍ണ’ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പ്രബോധാനന്ദ് ഗിരി ഒരു വീഡിയോയില്‍ ഹിന്ദുക്കള്‍ ആയുധം എടുക്കണം എന്ന പറയുന്നുണ്ട്. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ‘ഞാന്‍ പറഞ്ഞതില്‍ യാതൊരു നാണക്കേടുമില്ല, എനിക്ക് പോലീസിനെ ഭയമില്ല, ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.’ എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നേരെ വെടിയുതിര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതും വീഡിയോകളില്‍ കാണാം.

നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ടെന്നീസ് താരം മാര്‍ട്ടീന നവരത്തിലോവ(Martina Navratilova), മുന്‍ നാവികസേനാ മേധാവി അരുണ്‍ പ്രകാശ്(Arun Prakash), മുന്‍ കരസേനാ ചീഫ് വി.പി മാലിക്(VP Malik) തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button