National NewsNews

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 236; പ്രതിദിന കോവിഡ് കേസുകളില്‍ 18 ശതമാനം വര്‍ധനവ്

പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

ഇന്ത്യയില്‍ ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇന്നലെ 7,495 കോവിഡ് (Covid19) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,317 ആയിരുന്നു ചൊവ്വാഴ്ചത്തെ കണക്ക്. ഒറ്റദിവസം കൊണ്ട് 18.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള കൂടിച്ചേരലുകള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. 125 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ ഡല്‍ഹിയില്‍ സാംസ്‌കാരിക പരിപാടികളും നിരോധിച്ചിരിക്കുകയാണ്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് വൈകിട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തില്‍ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിതീകരിച്ചു. വിദേശത്തുനിന്ന് തിരുവന്തപുരത്തെത്തിയ 3 പേരിലും കൊച്ചിയിലെത്തിയ 6 പേരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.

65 കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി 64, തെലങ്കാന 24, രാജസ്ഥാന്‍ 21, കര്‍ണാടക 19, കേരളം 24, ഗുജറാത്ത് 14, ജമ്മു കശ്മീരില്‍ മൂന്ന്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. ചണ്ഡീഗഡ്, ലഡാക്ക്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച, കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ്19-ന്റെ ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് പരിശോധന ശക്തമാക്കാനും രാത്രി ലോക്ക്ഡൗണ്‍ (Night Curfew) പോലുള്ള നടപടികള്‍ പരിഗണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ പരിശോധനകളിലും 10 ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ ആശുപത്രി കിടക്കകളുടെ 40 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശങ്കയുടെ വകഭേദം എന്നാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button