National NewsNews

ശീതകാല സമ്മേളനം അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി പാര്‍ലമെന്റ്: ഇത്തവണ പാസാക്കിയത് 10 ബില്ലുകള്‍

കഴിഞ്ഞ സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാതെയാണ് ഇത്തവണ സഭ പിരിഞ്ഞത്‌

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം (Winter session of Parliament) അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ അപ്രതീക്ഷിതമായി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 12 പുതിയ ബില്ലുകളാണ് സഭയില്‍ 18 സിറ്റിംഗുകള്‍കൊണ്ട് അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകള്‍ ഉള്‍പ്പടെ 10 ബില്ലുകള്‍ പാസാക്കി.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ (Farm Bill), തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ (Election Laws Amendment Bill2021) തുടങ്ങിയ സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ പാസാക്കുന്നതിനാണ് സഭ ഇക്കുറി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സമ്മേളനം നടന്ന മുഴുവന്‍ ദിവസവും പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (Bipin Rawat) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആദരസൂചകമായി ഒരു ദിവസം താല്‍ക്കാലികമായി പ്രതിഷേധം നിര്‍ത്തിവെച്ചു. വിലക്കയറ്റം, ലഖിംപുര്‍ ഖേരി അക്രമം തുടങ്ങിയ നിരവധി വിഷയങ്ങളിലും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. സസ്പെന്‍ഡ് ചെയ്ത എം.പിമാരെ തിരിച്ചെടുക്കാതെയാണ് പാര്‍ലമെന്റ് പിരിഞ്ഞത്.

ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബില്ലുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചര്‍ച്ച നടന്ന് ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും ഭേദഗതി ചെയ്യുന്ന ബില്ലാണ്. ലോക്സഭയില്‍ 2 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്കും രാജ്യസഭയില്‍ 8 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്കും ശേഷമാണ് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ കര്‍ഷകബില്ലുകള്‍ റദ്ദാക്കാനുള്ള ബില്‍ പാസാക്കിയത്. ബില്ലില്‍ പ്രതിപക്ഷം വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല.

നവംബര്‍ 29ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 23 വരെയായിരുന്നു തീരുമാനിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button