Local NewsNews

തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു

പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവ്‌

തൃക്കാക്കര എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായ പി.ടി തോമസ്(70) (P.T Thomas) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (Velloor Christian Medical College) ചികിത്സയിലിരിക്കെയാണ് അന്ത്യം. 2016 മുതല്‍ തൃക്കാക്കര എം.എല്‍.എയാണ്. 2009ല്‍ ഇടുക്കിയില്‍ നിന്നും ലോക്‌സഭയിലെത്തി. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും നിയമസഭാംഗമായി. 1950ല്‍ ഇടുക്കിയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിലാണ് പി.ടി തോമസ് ജനിച്ചത്. തൊടുപുഴ ന്യൂമാന്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം മഹരാജാസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് പി.ടി തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അത് നടപ്പാക്കണമെന്ന ആവശ്യവുമായി ശക്തമായി നിലകൊണ്ടു. കിഴക്കമ്പലത്ത് കിറ്റക്‌സ് (Kitex) കമ്പനി സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത് പി.ടി തോമസ് ആയിരുന്നു. കടമ്പ്രയാര്‍ മലിനപ്പെടുത്തുന്നതിന്റെ തെളിവുകള്‍ സഹിതമാണ് അദ്ദേഹം അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. അടുത്തിടെ കെ.പി.എ.സി ലളിതയ്ക്ക് (KPAC Lalitha) സര്‍ക്കാര്‍ ചികിത്സാ സഹായം നല്‍കിയതിനെ അനുകൂലിച്ച് സംസാരിച്ച അദ്ദേഹം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എ.ഡി.ബിയും പ്രത്യയശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 1980 മുതല്‍ കെ.പി.സി.സിയിലും എ.ഐ.സി.സിയിലും അംഗമാണ്. ഭാര്യ: ഉമ തോമസ്. മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button