Local News

ബ്രിട്ടോയുടെ ചക്രക്കസേരയിലെ ജീവിതം: പി.ടി തോമസിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ മനസ്സില്ലെന്ന് ഒരുവിഭാഗം

ബ്രിട്ടോയുടെ ഭാര്യ സീനയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് പ്രഖ്യാപനം

പി.ടി തോമസ് (PT Thomas) എന്ന പകരംവെക്കാനില്ലാത്ത ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവിന്റെ വിയോഗം രാഷ്ട്രീയ ഭേദമന്യേ കേരളക്കരയെയാകെ നൊമ്പരപ്പെടുത്തുമ്പോള്‍ സൈമണ്‍ ബ്രിട്ടോ (Saimon Britto) യെന്ന വിപ്ലവ നായകന്റെ ഭാര്യ സീനാ ഭാസ്‌കറിന്റെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു. മഹാരാജാസിലെ എസ്.എഫ്.ഐ-കെ.എസ്.യു പോരാട്ടത്തിന്റെ ബാക്കിപത്രമായാണ് സൈമണ്‍ ബ്രിട്ടോയുടെ ജീവിതം വീല്‍ചെയറിലേക്ക് തള്ളപ്പെട്ടത്. 2020 ഒക്ടോബര്‍ 14ന് സീന ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഇടതുപക്ഷ അനുഭാവികളായ ഒരുവിഭാഗം യുവാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. മരണം ആരേയും മഹാന്‍മാരാക്കുന്നില്ലെന്നും രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിക്കാന്‍ തല്‍ക്കാലം സൗകര്യപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പി.ടി തോമസിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ മനസ്സില്ലെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്‌.

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയുടെ പോസ്റ്റ്.

സഖാവ് സൈമണ്‍ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വര്‍ഷം. മതിയാവോളം ഈ ഭൂമിയില്‍ ബ്രിട്ടോ ജീവിച്ചില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി. ഇതിനിടയില്‍ രണ്ട് സിനിമയില്‍ അഭിനയിച്ചു. ഒരെണ്ണം ”നാനി’ എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോള്‍ സംസ്ഥാന അവാര്‍ഡും.

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബര്‍ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികള്‍ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കില്‍ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു
‘ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം… സൂക്ഷിച്ചോളൂ’
ബ്രിട്ടോ ‘തോമസെ എനിയ്‌ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കില്‍ അത് നിന്റെ പാര്‍ട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല’…

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല.

ഞാന്‍ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ?
എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്. ചെയ്തവര്‍ എനിക്ക് പരിചയമില്ലാത്ത ആള്‍ക്കൂട്ടത്തിലെ ചിലര്‍ മാത്രമാണ്’. ഇതായിരുന്നു ബ്രിട്ടോ.

എന്നാല്‍ ഒരിക്കല്‍ മുളന്തുരുത്തി വായനശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധന സെമിനാറില്‍ പങ്കെടുക്കാന്‍ ബ്രിട്ടോയും PT തോമസും ഒരേ വേദിയില്‍ വന്നു. അന്ന് PT തോമസ് പറഞ്ഞു ‘ ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്‌നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു .’

അന്ന് സദസിലുണ്ടായിരുന്ന ഞാന്‍ എണീറ്റ് ചോദിച്ചു. ‘ആ സംഗീത സ്‌നേഹമായിരുന്നൊ പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ജീവിതകാലം മുഴുവന്‍ ചക്രക്കസേരയില്‍ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?’
പിന്നെ ആ ഹാളില്‍ PT തോമസ് പറഞ്ഞതും പ്രവര്‍ത്തിച്ചതും അവിടുണ്ടായിരുന്നവര്‍ ഭയപ്പെട്ടു പോയി…
അപ്പോഴും ‘ബ്രിട്ടോ പറഞ്ഞു ‘തോമസെ ഇനിയും പക തീര്‍ന്നില്ലെങ്കില്‍, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ. മരിക്കാന്‍ എനിക്ക് ഭയമില്ല; താങ്കള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം’.
PT ആക്രോശിച്ചു കൊണ്ട് എന്റടുത്തേക്ക് വന്നിട്ട് ‘ നിങ്ങള്‍ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്…

പിന്നീട് SFI സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയര്‍ന്നപ്പോള്‍ അന്നത്തെ SFI സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര PT തോമസിന് മറുപടി കൊടുത്തപ്പോഴും, എന്റെ അനിയത്തിയായിരിക്കുമെന്ന ധാരണയില്‍ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

തീര്‍ന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങള്‍.

ഞാനിപ്പോള്‍ ഇതെഴുതാനുള്ള സന്ദര്‍ഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതല്‍ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരന്റെ കുറിപ്പ് കണ്ടു. അപ്പോള്‍ ഞാനോര്‍ത്തു കഴിഞ്ഞ സംഭവങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതിന്റെ ആവശ്യകത.

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തില്‍ കടന്നു പോയ വഴികള്‍ തെളിമയോടെ നില്‍ക്കും.

ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു. എല്ലാം വഴിയെ…

ലാല്‍സലാം പ്രിയ സഖാവേ…

സീനാ ഭാസ്‌കര്‍…

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button