Local News

ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന് പോലീസ് മര്‍ദ്ദനം: ആരോപണവുമായി അഷ്‌റഫ് മൗലവി

യുവാവിന് ഇപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്

ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പോലീസ് മര്‍ദിച്ചെന്നും പുറത്തു പറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണവുമായി എസ്.ഡി.പി.ഐ (SDPI) പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി (Moovattupuzha Ashraf Moulavi). 25കാരനായ ഫിറോസ് എന്ന യുവാവിനെയാണ് മണ്ണഞ്ചേരി പോലീസ് മര്‍ദിച്ചതെന്നും മൂവാറ്റുപുഴ അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഫിറോസ് ഇപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടെന്നും അഷ്‌റഫ് പറയുന്നു. മണ്ണഞ്ചേരിയില്‍ നിന്ന് പിടികൂടിയ ഫിറോസിനെ പോലീസ് സ്‌റ്റേഷന് അകത്തുകൊണ്ടുപോയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ജയ് ശ്രീറാം (Jai Sreeram) വിളിക്കാന്‍ പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം.

ആര്‍.എസ്.എസിനു(RSS) അനുകൂലമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ആലപ്പുഴ പോലീസ് മേധാവി പക്ഷാപാതപരമായാണ് പെരുമാറുന്നതെന്നും അഷ്റഫ് മൗലവി ആരോപിച്ചു. ഇങ്ങോട്ടു വന്നാല്‍ നോക്കി നില്‍ക്കില്ല. കവിള്‍ കാണിച്ചുകൊടുക്കുകയുമില്ല. തല്ലാന്‍ വന്നാല്‍ കൈ പിടിക്കുകയും ആക്രമിക്കാന്‍ വന്നാല്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്നും അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു. ഷാനിന്റെ കൊലപാതകത്തോടെ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഷാനിന്റെ കൊലപാതകികളെ ശാഖയില്‍ നിന്നാണ് പിടികൂടിയത്. ശാഖകള്‍ ആയുധ പരിശീലനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഷ്‌റഫ് മൗലവിയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പ്രസ്ഥാനത്തിന്റെയും ആദര്‍ശത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും തെറ്റ് മറയ്ക്കാന്‍ മൗലവി പോലീസിനും സര്‍ക്കാരിനുമെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിഷേധ പോസ്റ്റുകളും ട്രോളുകളും പറയുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button