Local NewsNews

ദഹിപ്പിക്കണം, റീത്ത് വേണ്ട, മൃതദേഹത്തിനൊപ്പം ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ കേള്‍പ്പിക്കണം: പി.ടിയുടെ അന്ത്യാഭിലാഷങ്ങള്‍ ഇങ്ങനെ

കൊച്ചി രവിപുരത്തെ പൊതുശ്മശാനത്തിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക

ഇന്ന് അന്തരിച്ച പി.ടി തോമസ് (PT Thomas) എം.എല്‍.എയുടെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങള്‍ക്ക് അനുസരിച്ച് സംസ്‌കരിക്കും. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ നവംബര്‍ 22ന് എഴുതിവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊച്ചി രവിപുരത്തെ പൊതുശ്മശാനത്തിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ചിതാഭസ്മത്തിന്റെ രെുഭാഗം അദ്ദേഹത്തിന്റെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചിട്ടുള്ള ഉപ്പുതൊടിയിലെ ശവക്കല്ലറയില്‍ സംസ്‌കരിക്കും. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുതെന്നും പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന് തുടങ്ങുന്ന ഗാനം കേള്‍പ്പിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെല്ലൂരില്‍ നിന്നും കമ്പം, തേനി വഴി അദ്ദേഹത്തിന്റെ സ്വദേശമായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് കൊച്ചിയിലെ എറണാകുളം ഡി.സി.സി (Ernakulam DCC) ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും അദ്ദേഹത്തിന്റെ തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാക്കനാട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം എത്തിക്കുന്നതിന്റെ സമയക്രമം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി (VD Satheeshan) ആലോചിച്ച് തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് (Muhammad Shias) പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button