Investigation

നോട്ടിലെ ഗാന്ധിയും സര്‍ട്ടിഫിക്കറ്റിലെ മോദിയും: ഒരുലക്ഷം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട ഹര്‍ജിക്കാരന്‍ സംസാരിക്കുന്നു

പിഴയടയ്ക്കാന്‍ ഒരു ലക്ഷത്തിന് പകരം പത്ത് ലക്ഷം തരാമെന്ന് പലരും എന്നോട് പറഞ്ഞു

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ചിത്രം പതിക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൂടാതെ ഹര്‍ജിക്കാരനായ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പില്‍ (Peter Myalipparambil) ഒരുലക്ഷം രൂപ കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് പിഴയായി അടയ്ക്കണമെന്നും കോടതി വിധിച്ചു. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. അതേസമയം താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമല്ലെന്നും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പീറ്റര്‍ മ്യാലിപ്പറമ്പിലിന്റെ വാദം. കോവിഡ് സര്‍ട്ടിഫിക്കറ്റ് (Covid Certificate) ഒരു സ്വകാര്യ രേഖയായതിനാല്‍ അതില്‍ രാഷ്ട്രത്തലവന്റെ ചിത്രം പതിപ്പിക്കാന്‍ പാടില്ലെന്നതിനാലാണ് താന്‍ ഹര്‍ജി നല്‍കിയതെന്നും അദ്ദേഹം പറയുന്നു. പീറ്റര്‍ മ്യാലിപ്പറമ്പിലുമായി നാരദ ന്യൂസ് പ്രതിനിധി ദേവിക എം.എ നടത്തിയ അഭിമുഖം.

കോവിഡ് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണം എന്താണ്?

ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നത് വ്യക്തിപരമായ ഒരു രേഖയാണ്. വ്യക്തിപരമായ ഒരു രേഖയില്‍ രാഷ്ട്രത്തലവന്മാരുടെ ചിത്രം വയ്ക്കുന്നത് ആദ്യമായാണ് കാണുന്നത്. ലോകരാജ്യങ്ങളിലെല്ലാം കോവിഡ് വാക്‌സിനേഷനും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നുണ്ട്. ഒരു രാജ്യത്തും സര്‍ട്ടിഫിക്കറ്റില്‍ അവിടങ്ങളിലെ രാഷ്ട്രത്തലവന്റെ ഫോട്ടോ വച്ചിരുന്നില്ല. ഇന്ത്യയില്‍ നരേന്ദ്ര മോദിക്ക് മുമ്പും ഒരുപാട് വാക്‌സിനേഷന്‍ സ്‌കീമുകള്‍ നടന്നിട്ടുണ്ട് ഒരു വ്യക്തിഗത സര്‍ട്ടിഫിക്കറ്റില്‍ രാഷ്ട്രത്തലവന്റെ പടം വയ്ക്കുന്നത് അനുചിതമാണെന്ന തോന്നല്‍ കൊണ്ടാണ് ഇതിനെതിരെ ഹര്‍ജി കൊടുത്തത്.

കോടതി വിധി പ്രതികൂലമായല്ലോ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

വിധി തികച്ചും നിര്‍ഭാഗ്യകരമാണ്. നമ്മള്‍ പറഞ്ഞ കാര്യങ്ങളൊന്നുമല്ല വിധിയില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ഒരിക്കലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ല. പ്രധാനമന്ത്രിയെ മാറ്റണമെന്നോ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട നേതാവ് അല്ലെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹം ഓട് പൊളിച്ച് വന്നതാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാം ജഡ്ജി സ്വയം അങ്ങനെ പറഞ്ഞതാണ്. നമ്മള്‍ പറഞ്ഞതുമായി പുലബന്ധം പോലുമില്ല. ജഡ്ജി നേരത്തെ പറഞ്ഞിരുന്നത് ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവിന്റെ പടം വയ്ക്കുന്നുണ്ടല്ലോയെന്നാണ്. ഇന്ത്യന്‍ കറന്‍സി ഒരു പൊതുരേഖയാണ്. അത് സ്വകാര്യ രേഖയല്ല. മാത്രമല്ല, റിസര്‍വ് ബാങ്കാണ് (Reserve Bank) ഇന്ത്യയില്‍ നോട്ടടിക്കാന്‍ അംഗീകാരമുള്ള ഏക ഏജന്‍സി. നിയമപ്രകാരമാണ് ആര്‍ബിഐ രാഷ്ട്രപിതാവിന്റെ പടം വച്ച് നോട്ട് അടിക്കുന്നത്. അത് ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തേക്കുള്ള കടന്നുകയറ്റം അല്ല.

പബ്ലിസിറ്റിക്ക് വേണ്ടി നല്‍കിയ ഹര്‍ജിയാണെന്നാണല്ലോ കോടതിയുടെ നീരിക്ഷണം? എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

പബ്ലിസിറ്റിയാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ജഡ്ജി കണ്ടെത്തിയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. നമുക്ക് ഒരു പബ്ലിസിറ്റിയും ആവശ്യമില്ല. കേസ് കൊടുത്തെന്ന് പറഞ്ഞ് ഒരു പബ്ലിസിറ്റിയും ഞാനായി കൊടുത്തിട്ടില്ല. ഞാന്‍ ഇതിന് മുമ്പും കേസുകള്‍ കൊടുത്തിട്ടുള്ള ആളാണ്. നിയമസഭയില്‍ കയ്യാങ്കളി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കോടതിയില്‍ കക്ഷി ചേര്‍ന്ന് അത് തടസ്സപ്പെടുത്തിയ ആളാണ് ഞാന്‍. കോടതിയില്‍ കേസ് കൊടുത്തതിന്റെ പേരില്‍ ഒരു പബ്ലിസിറ്റിയും കൊടുക്കാന്‍ പോയിട്ടില്ല. പണപ്പിരിവ് നടത്തുന്നതിനോ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിനോ ഒന്നിനും വേണ്ടിയിട്ടല്ല ഇതൊക്കെ ചെയ്യുന്നത്. പിന്നെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് ഏത് പശ്ചാത്തലത്തിലാണ് അദ്ദേഹം മനസ്സിലാക്കിയതെന്ന് എനിക്ക് അറിയില്ല. ഞാനൊരു പബ്ലിസിറ്റിയും ആവശ്യപ്പെട്ടിട്ടുമില്ല, കൊടുക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഇപ്പോഴും മാധ്യമങ്ങള്‍ എന്നെ കാണാനും അഭിമുഖത്തിനും വരുമ്പോള്‍ ഞാന്‍ അതിന് താല്‍പര്യപ്പെടാറില്ല. കാരണം, എനിക്ക് പബ്ലിസിറ്റിയില്‍ താല്‍പര്യമില്ല.

അതുപോലെ രാഷ്ട്രീയപ്രേരിതമാണെന്ന് (Political Intention) പറയുന്നു. ഏത് രാഷ്ട്രീയത്തിന്റെ പ്രേരണയാണെന്ന് എനിക്കറിയില്ല. പ്രതിപക്ഷ പാര്‍ട്ടികളോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോ ഒന്നും ഇതിനോട് പ്രതികരിച്ചിട്ട് പോലുമില്ല. ഈ ആരോപണമൊക്കെ എവിടെ നിന്നും വന്നുവെന്ന് എനിക്കൊരു ഐഡിയയും കിട്ടുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. ഈ രാജ്യത്ത് ജീവിക്കുന്ന 140 കോടി പൗരന്മാരെയും പ്രതിനിധീകരിച്ചുകൊണ്ടാണ് ഞാന്‍ ഹര്‍ജി നല്‍കിയത്. എല്ലാ ആളുകള്‍കള്‍ക്കും കോടതിയില്‍ കേസ് കൊടുക്കാന്‍ ആകില്ലല്ലോ? കോടതി പറഞ്ഞത് കോടതിയുടെ സമയം കളഞ്ഞുവെന്നാണ്. 140 കോടി ആളുകളും ഇതുപോലെ കേസ് കൊടുത്താല്‍ എങ്ങനെയിരിക്കും. ലക്ഷക്കണക്കിന് ആളുകള്‍ എന്നെപ്പോലെ കേസ് കൊടുക്കാന്‍ താല്‍പര്യപ്പെടുന്നവരുണ്ട്. എന്നാല്‍ അത് പ്രാക്ടിക്കല്‍ അല്ല.

ഒരു ലക്ഷം രൂപ പിഴ അടയ്ക്കാന്‍ തന്നെയാണോ തീരുമാനം? അതോ തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടോ?

കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴയ്ക്ക് പകരം പത്ത് ലക്ഷം രൂപ വേണമെങ്കിലും കൊടുക്കാമെന്ന് ആവശ്യപ്പെട്ട് എന്നെ ഒരുപാട് ആളുകള്‍ വിളിച്ചു. എന്റെ ഹര്‍ജിയോട് അനുഭാവമുള്ളവരാണ് അവര്‍. പലരും അക്കൗണ്ട് നമ്പര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ അക്കൗണ്ട് നമ്പര്‍ കൊടുത്ത് പണപ്പിരിവ് നടത്താന്‍ ഉദ്ദേശിക്കുന്ന ആളല്ലാത്തതുകൊണ്ട് ഞാന്‍ ആര്‍ക്കും അത് നല്‍കിയിട്ടില്ല. ഞാന്‍ ആരില്‍ നിന്നും പണം ആവശ്യപ്പെട്ടിട്ടുമില്ല. ആരെങ്കിലും തന്നാല്‍ വാങ്ങാന്‍ തയ്യാറുമല്ല.

തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പലരും എന്നെ ബന്ധപ്പെടുന്നുണ്ട്. അതില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. എന്താണ് വേണ്ടതെന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. എന്തായാലും തുടര്‍നടപടികള്‍ ഉണ്ടായാലേ പറ്റുകയുള്ളല്ലോ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button