Local NewsNews

പരീക്ഷയ്ക്ക് വന്ന കുട്ടിയോട് സംസ്‌കാരത്തിന് ചേര്‍ന്ന വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍: അമ്മ പ്രതികരിക്കുന്നു

കുട്ടികളുടെ മാനസികാരോഗ്യം ആരുടെ ഉത്തരവാദിത്യം? ഒരമ്മ ചോദിക്കുന്നു

എറണാകുളത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ (NIOS) പൊതുപരീക്ഷയെഴുതാന്‍ വന്ന 15 വയസ്സുകാരനെ മോശമായ വസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് പരീക്ഷയെഴുതുന്നതില്‍നിന്നും തടയാന്‍ ശ്രമം. ഷോര്‍ട്‌സും ടി-ഷര്‍ട്ടും ധരിച്ചെത്തിയ കുട്ടിയെ ‘ഇന്‍ഡീസെന്റ് ഡ്രസ്സ്’ (IndecentDress) എന്നു പറഞ്ഞാണ് അധികൃതര്‍ തടയാന്‍ ശ്രമിച്ചത്. പിന്നീട് കുട്ടിയുടെ അമ്മ പ്രതികരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയായിരുന്നു.

എന്‍.ഐ.ഒ.എസിന്റെ റീജിയണല്‍ ഓഫീസറുമായി സംസാരിച്ചപ്പോള്‍ കുട്ടി കേരളത്തിന്റെ സാംസ്‌കാരികമായ വസ്ത്രം ധരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ എന്താണ് അത്തരത്തിലുള്ള വസ്ത്രം എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിതരാന്‍ ഇദ്ദേഹം തയ്യാറായില്ല. മറ്റൊരു എന്‍.ഐ.ഒ.എസ് ഓഫീസര്‍ ഈ സംഭവങ്ങളെല്ലാം ആ സമയം തന്റെ മൊബൈലില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ഏതെങ്കിലും തരത്തില്‍ പുറത്തുവന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ മെമ്പര്‍ കെ. നസീറുമായി സംസാരിച്ചപ്പോള്‍ എന്‍.ഐ.ഒഎസ് പരീക്ഷകള്‍ക്ക് അത്തരത്തില്‍ ഒരു ഡ്രസ്സ് കോഡ് ഇല്ലെന്ന് വ്യക്തമായി.

കുട്ടികളോട് അധ്യാപകരുടെ സമീപനത്തില്‍ സമൂലമായ മാറ്റം ആവശ്യമാണെന്നും മഹാവ്യാധി കാലത്തെ ആത്മസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയം ഗൗരവമായി തന്നെയെടുക്കേണ്ടതുണ്ടെന്നും ബാലാവകാശ പ്രവര്‍ത്തകയും മാനസികാരോഗ്യ വിദഗ്ധയുമായ ഈ അമ്മ നാരദ ന്യൂസിനോട് പ്രതികരിച്ചു. മഹാവ്യാധിക്കാലത്ത് (Covid Pandemic) ഏതാനും ദിവസങ്ങളല്ല, രണ്ട് വര്‍ഷമായി വീടുകളില്‍ കുടുങ്ങിപ്പോയ കുട്ടികളുടെ മാനസികനില (Mental Stress on Covid Period) കൂടി നമ്മള്‍ പരിഗണിക്കണം. അധ്യാപകരെ ബഹുമാനിക്കാന്‍ നമ്മള്‍ കുട്ടികളോട് ആവശ്യപെടുന്നു എന്നാല്‍ തിരിച്ചു കുട്ടികളെയും അവര്‍ ബഹുമാനിക്കണ്ടേ, ബഹുമാനം അങ്ങോട്ട് മാത്രം ആകരുത്. അതുപോലെ അധ്യാപകര്‍ കുട്ടികളോട് ഉപയോഗിക്കുന്ന ഭാഷയിലും മാറ്റം വേണം. കാരണം ഈ ഭാഷയാണ് അവരും പഠിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം നിര്‍ബന്ധമാണ്.

ഗവണ്മെന്റ് സ്ഥാപനങ്ങളിലോ പ്രൈവറ്റ് സ്ഥാപനങ്ങളിലോ അധ്യാപകര്‍ക്ക് കുട്ടികളുടെ മാനസികാരോഗ്യത്തെ പറ്റിയോ അവരോട് എങ്ങനെ പെരുമാറണം എന്നതിനെ പറ്റിയോ യാതൊരുവിധ പരിശീലനവും നല്‍കുന്നില്ല. ഇവരുടെ കോഴ്‌സിന്റെ ഭാഗമായി പോലും ഇത്തരം വിഷയങ്ങളില്‍ യാതൊരുവിധ പരിശീലനവുമില്ല. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ‘ശിക്ഷ’ എന്ന വാക്കുതന്നെ നമുക്ക് വിദ്യാഭ്യാസത്തില്‍ ആവശ്യമില്ല. ശിക്ഷിക്കപ്പെടേണ്ടവര്‍ അല്ല വിദ്യാര്‍ത്ഥികള്‍. നമ്മള്‍ പഴയ രീതികള്‍ തന്നെ തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് അത് ഗുണം ചെയ്യില്ല. വിദ്യാര്‍ത്ഥികളെ തിരുത്തേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ് ശിക്ഷകളിലൂടെ അല്ല.

‘എന്റെ മകന് സംഭവിച്ചതിനെകുറിച്ചല്ല, അധികൃതരുടെ കുട്ടികളോടുള്ള സമീപനറ്റത്തെക്കുറിച്ചാണ് എന്റെ പരാതി. ഈ പകര്‍ച്ചവ്യാധി കാരണം വന്ന മാറ്റം ഉള്‍ക്കൊണ്ട് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണം. മാനസികവളര്‍ച്ചയുടെ പ്രായത്തിലാണ് കുട്ടികള്‍ കോവിഡും ലോക്ഡൗണും പോലുള്ള അസാധാരണ സാഹചര്യം നേരിട്ടത്. മനസികാരോഗ്യത്തിന് പ്രഥമ പരിഗണന കൊടുത്ത് അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം.

ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി ബാലാവകാശ (Child Rights Activist) രംഗത്ത് പ്രവര്‍ത്തിക്കുകന്നയാളാണ്. പ്രത്യേകിച്ച് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി പരാതികള്‍ മാതാപിതാക്കള്‍ പറയാറുണ്ട്. കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ തടസം നേരിടുമെന്ന ഭയംകൊണ്ടാണ് ആരും പുറത്തുപറയാത്തത്. ഓപ്പണ്‍ സ്‌കൂളുകളിലേക്കാള്‍ ഗുരുതരമാണ് സാധാരണ സ്‌കൂളില്‍ കാര്യങ്ങള്‍. ഈ വിഷയത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. പൊതുവായ ഒരു നിയമനിര്‍മ്മാണം നടത്തിയാലേ ഇതില്‍ മാറ്റം ഉണ്ടാകുയുള്ളൂ’- ആ അമ്മ പറയുന്നു.

ഇവരുടെ പരാതിയില്‍ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ എറണാകുളം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. റീജിയണല്‍ ഓഫിസറോടും സ്‌കൂള്‍ പ്രിന്‍സിപ്പാലിനോടും വിശദീകരണം തേടി. ഓപ്പണ്‍ സ്‌കൂളുകളില്‍ ഇത്തരം ഡ്രസ് കോഡ് ഇല്ലെന്നാണ് തന്റെ അന്വേഷണത്തില്‍ അറിഞ്ഞതെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം കെ. നസീര്‍ നാരദ ന്യൂസിനെ അറിയിച്ചു. പരാതി വന്നപ്പോള്‍ അത് സ്വീകരിച്ച് ഓപ്പണ്‍ സ്‌കൂളിലെ ആര്‍.ഒയ്ക്കും പ്രിന്‍സിപ്പലിനും പോലീസിനും നോട്ടീസ് കൊടുത്തു. ഓരോ സ്ഥാപനങ്ങള്‍ക്കും ഓരോ യൂണിഫോം ഉണ്ടാകും. പക്ഷേ ഓപ്പണ്‍ സ്‌കൂളുകള്‍ക്ക് അത്തരം യൂണിഫോമുകള്‍ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. അല്ലാത്തപക്ഷം, നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിക്കണം- അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button