Local NewsNews

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയാന്‍ കാരണമാകുമെന്ന് രാഹുല്‍ ഈശ്വര്‍

മുസ്ലിം ജനസംഖ്യാനിരക്കിലെ വര്‍ധനവ് കുറയ്ക്കാനാണ് ബിജെപി സര്‍ക്കാര്‍ ഈ നിയമത്തിലൂടെ ശ്രമിക്കുന്നതെങ്കിലും ആത്യന്തികമായി ഇത് ഹിന്ദുക്കള്‍ക്കായിരിക്കും ദോഷം ചെയ്യുന്നത്‌

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാഹുല്‍ ഈശ്വര്‍ (Rahul Easwar). വിവാഹപ്രായം വര്‍ധിപ്പിക്കുന്നത് നിലവില്‍ കുറഞ്ഞിരിക്കുന്ന ഹിന്ദു സമൂഹത്തിന്റെ പ്രത്യുല്‍പ്പാദന നിരക്കിനെ (Fertility Rate) വീണ്ടും കുറയ്ക്കുമെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. പ്രത്യുല്‍പ്പാദന നിരക്ക് അനുസരിച്ചാണ് നമ്മുടെ നാട്ടില്‍ ജനസംഖ്യ (Population) വരുന്നതെന്നും രാഹുല്‍ ഈശ്വര്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. മുസ്ലിം ജനസംഖ്യാനിരക്കിലെ വര്‍ധനവ് കുറയ്ക്കാനാണ് ബിജെപി സര്‍ക്കാര്‍ ഈ നിയമത്തിലൂടെ ശ്രമിക്കുന്നതെങ്കിലും ആത്യന്തികമായി ഇത് ഹിന്ദുക്കള്‍ക്കായിരിക്കും ദോഷം ചെയ്യുന്നതെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇങ്ങനെ:

ഈ ബില്ലിന്റെ (Prohibition of Child Marriage (Amendment) Bill, 2021) യഥാര്‍ത്ഥ വിഷയം ഞങ്ങള്‍ ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കേരളത്തില്‍ പ്രത്യുല്‍പ്പാദന നിരക്ക് 1.2 ആണ്. മുസ്ലിം ഫെര്‍ട്ടിലിറ്റി റേറ്റ് 2.6 ആണ്. ഇന്ത്യയില്‍ 2.6-2.7 ആണ് മുസ്ലിം ഫെര്‍ട്ടിലിറ്റി റേറ്റ്. ഹിന്ദു ഫെര്‍ട്ടിലിറ്റി റേറ്റ് 1.9 ആണ്. അതായത്, ഒരു ഹിന്ദു അമ്മയുടെയും മുസ്ലിം ഉമ്മയുടെയും ക്രിസ്ത്യന്‍ അമ്മച്ചിയുടെയും വയറ്റില്‍ എത്ര കുട്ടികള്‍ ഉണ്ടാകുന്നുവെന്നതിനെയാണ് ഫെര്‍ട്ടിലിറ്റി റേറ്റ് എന്ന് പറയുന്നത്. ആ ഫെര്‍ട്ടിലിറ്റി റേറ്റ് വച്ചാണ് നമ്മുടെ നാട്ടില്‍ ജനസംഖ്യ വരുന്നത്. ഹിന്ദുക്കളുടെ ജനസംഖ്യ ഭയങ്കരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനെതിരെ ഇത്തരം വളഞ്ഞവഴികളിലൂടെ എന്തെങ്കിലും ചെയ്തിട്ട് നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അടക്കം ഒന്നും നേടാന്‍ പോകുന്നില്ല. എനിക്ക് കേന്ദ്രഗവണ്‍മെന്റിനോട് വലിയ ബഹുമാനമാണ്. ഞാന്‍ മോദിജിയെ (Narendra Modi) ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ വളഞ്ഞ വഴി കാര്യങ്ങള്‍ ചെയ്തിട്ട് ഒരു കാര്യവുമില്ല. അതായത് മുസ്ലിം ഫെര്‍ട്ടിലിറ്റി റേറ്റ് നോര്‍മ്മലും ഓക്കെയുമാണ് നിലവില്‍. രണ്ട് മുതല്‍ മൂന്ന് വരെ കുട്ടികള്‍ ഒരു അമ്മയുടെ വയറ്റിലുണ്ടാകുന്നത് ഹെല്‍ത്തി റേറ്റ് ആണ്. ഹിന്ദു ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുകയാണ്. ഞങ്ങളുടെ ഇടയിലുള്ള തീവ്രസ്വരക്കാര്‍ വളഞ്ഞ വഴിയിലൂടെ കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ നോക്കുകയാണ്. ഗുരുജി ഗോള്‍വാള്‍ക്കര്‍ (Madhavrao Sadashivrao Golwalkar) അമ്പത് വര്‍ഷം മുമ്പ് ഇത് പറയുന്നുണ്ട്. ഞങ്ങളുടെയിടയിലെ ചില ആളുകള്‍ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് യൂണിഫോം സിവില്‍ കോഡ് (Uniform Civil Code) വേണമെന്ന് പറയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ യൂണിഫോം സിവില്‍ കോഡ് ഇന്ത്യ എന്ന രാഷ്ട്രത്തെ നശിപ്പിക്കും. ഇത് പറയുന്നത് രാഹുല്‍ ഈശ്വര്‍ അല്ല, ആര്‍.എസ്.എസിനെ (RSS) 33 വര്‍ഷം നയിച്ച ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ്. ഞങ്ങളുടെയിടയിലുള്ള ചില ആളുകള്‍ക്ക് മുസ്ലിം ജനസംഖ്യ കൂടുന്നുവെന്ന് തെറ്റിദ്ധാരണയുണ്ട്. ആ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പല കാര്യങ്ങളും ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നമുക്ക് വേണ്ടത് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ചെയ്യുന്നത് പോലെ വിവാഹത്തിന് മുമ്പ് വിവാഹപൂര്‍വ്വ വിദ്യാഭ്യാസം അഥവ പ്രിമാരിറ്റല്‍ എഡ്യൂക്കേഷന്‍ (Premarital Education)  കൊടുക്കുകയാണ്. എന്നിട്ട് പതിനെട്ട് വയസ്സ് കഴിഞ്ഞ കുട്ടിയ്ക്ക് പതിനെട്ടില്‍ കെട്ടണമെങ്കില്‍ കെട്ടാം ഇല്ലെങ്കില്‍ 21ല്‍ കെട്ടണമെങ്കില്‍ അങ്ങനെയുമാകാം. ഇനി 35ല്‍ കെട്ടണമെങ്കില്‍ അപ്പോഴും കെട്ടാം. പക്ഷെ, 18 വയസ്സായി മെച്ചൂരിറ്റിയുള്ള ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ശരിയല്ല. ആ പതിനെട്ട് വയസ്സാകുമ്പോള്‍ കല്യാണം കഴിച്ചോളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷെ പതിനെട്ട് കഴിഞ്ഞ് പെണ്‍കുട്ടിക്ക് ചോയിസ് കൊടുക്കുക. ഞങ്ങള്‍ ഹിന്ദുക്കളുടെ മനസ്സില്‍ ജനസംഖ്യയെക്കുറിച്ചുള്ള ആശങ്കകളെ അഡ്രസ് ചെയ്യാന്‍ ഇഫക്ടീവ് അല്ലാത്ത വഴികള്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സഹോദരന്‍ ചത്താലും കുഴപ്പമില്ല, നാത്തൂന്റെ കണ്ണീര് കാണാല്ലോ എന്ന ചിന്തയില്‍ അവര്‍ മുസ്ലിങ്ങളുടെ മേത്ത് കുതിര കയറുകയാണ്. ഹിന്ദു സമുദായത്തിലെ ജനസംഖ്യ കുറയുന്നത് അഡ്രസ് ചെയ്യാതെ മുസ്ലിം വ്യക്തിനിയമത്തെ ലംഘിക്കാന്‍ ഞങ്ങളില്‍ ചിലര്‍ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കുടുംബം എന്ന പ്രസ്താനത്തെയും കുടുംബം എന്ന സംവിധാനത്തെയുമാണ് എല്ലാ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്. കാരണം, കുടുംബമില്ലെങ്കില്‍ ഭാവി ഇല്ല. കുടുംബമില്ലെങ്കില്‍ വരുന്ന തലമുറകളില്ല. കുടുംബ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെ ഈയടുത്തിടയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. ആത്യന്തികമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം ഹിന്ദുക്കള്‍ക്കാണ് ദോഷം ചെയ്യുക. ഹിന്ദുസമുദായത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയ്ക്കും’.- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button