International NewsInvestigationNews

അലെന്‍ഡെയ്ക്ക് ശേഷം ചിലിയില്‍ ആദ്യമായി ഇടതുപക്ഷം: വിദ്യാര്‍ത്ഥി നേതാവ് ഗബ്രിയേല്‍ ബോറിക് ഇനി രാഷ്ട്രത്തലവന്‍

ചിലിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ്‌

നീണ്ട നാല്‍പ്പത്തിയെട്ടു വര്‍ഷത്തെ ഏകാധിപത്യ-തീവ്ര വലതുപക്ഷ ഭരണങ്ങള്‍ക്ക് ശേഷം ചിലിയില്‍ (Chile) ഇടതുപക്ഷം അധികാരത്തിലേക്ക്. സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക് നേതൃത്വം നല്‍കിയ ചിലിയുടെ സമര നായകന്‍ ഗബ്രിയേല്‍ ബോറിക് (Gabriel Boric) പുതിയ പ്രസിഡന്റാകും. ഇതോടെ ചിലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകുകയാണ് 35-കാരനായ ബോറിക്ക്. 2019-ലും 2020-ലും അഴിമതിക്കും അസമത്വത്തിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ വിദ്യാര്‍ത്ഥി നേതാവാണ് ഇദ്ദേഹം.

തീവ്ര വലതുപക്ഷ നേതാവായ ഹോസെ അന്റോണിയോ കാസ്റ്റിനെയാണ്(José Antonio Kast) ബോറിക് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്തതില്‍ 56 ശതമാനം വോട്ടും ബോറിക് നേടി. 44 ശതമാനം മാത്രം വോട്ട് നേടിയ ഹോസെ അന്തിമ ഫലം വരുന്നതിന് മുന്‍പേ പരാജയം ഉറപ്പിച്ചിരുന്നു. രണ്ടു വ്യത്യസ്ത പ്രത്യശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന രീതിയിലും ഈ തിരഞ്ഞെടുപ്പ് ശ്രദ്ധ നേടിയിരുന്നു.

ബോറിക്കിന്റെ വിജയത്തില്‍ ആഹ്ളാദം പ്രകടിപിച്ചുകൊണ്ട് പതിനായിരങ്ങളാണ് ചിലിയുടെ തെരുവുകളില്‍ ഒത്തുകൂടിയത്. ബോറിക്കിന് വേണ്ടി മുദ്രാവാക്യം വിളിച്ചും എല്‍.ജി.ബി.ടി.ക്യു(lgbtq)വില്‍ മഴവില്‍ പതാകകള്‍ വീശിയും അവര്‍ ആഹ്ളാദം പ്രകടിപ്പിച്ചു. സ്വവര്‍ഗ വിവാഹത്തിനും, ഗര്‍ഭനിരോധനത്തിനും, ഗര്‍ഭഛിദ്രത്തിനുമെതിരെ സംസാരിച്ച ഹോസെ താന്‍ അധികാരത്തില്‍ വന്നാല്‍ വനിതാക്ഷേമ വകുപ്പ് ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് യുവാക്കള്‍ക്കിടയിലുണ്ടായിരുന്നത്. യുവാക്കളുടെ ഈ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അവരാണ് ബോറിക്കിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചത്.

സാല്‍വഡോര്‍ അലെന്‍ഡെയായിരുന്നു (Salvador Allende) ചിലിയുടെ ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ്. 1973-ല്‍ അദ്ദേഹത്തെ വധിച്ചശേഷം സൈനികതലവനായിരുന്ന അഗസ്റ്റോ പിനാഷെ(Augusto Pinochet) അട്ടിമറിയിലൂടെ അധികാരം പിടിച്ചു. 1990 വരെ പിനാഷെയുടെ ഏകാധിപത്യ ഭരണത്തിനാണ് ചിലി സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് വലതുപക്ഷം അധികാരത്തിലെത്തി. 2018 മുതല്‍ ലിബറല്‍ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ‘നാഷണല്‍ റിന്യുവല്‍ പാര്‍ട്ടി’ (National Renewal Party) അംഗം സെബാസ്റ്റ്യന്‍ പിനേരയാണ് (Sebastian Pinera) പ്രസിഡന്റ്.

ഒരുകാലത്ത് ലാറ്റിന്‍ അമേരിക്കയിലെ കരുത്തുറ്റ സാമ്പത്തിക ശക്തിയായിരുന്ന ചിലി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അസമത്വവും അഴിമതിയും നിറഞ്ഞ രാജ്യമാണ്. രാജ്യത്തെ ഒരു ശതമാനം മാത്രമുള്ള കോടീശ്വരന്മാരുടെ കയ്യിലാണ് രാജ്യത്തിന്റെ 25 ശതമാനം സമ്പത്തും. പാവപ്പെട്ടവനും പണക്കാരനും തമ്മില്‍ ലോകത്തില്‍ തന്നെ ഏറ്റവും വലിയ സാമ്പത്തിക അന്തരം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ന് ചിലി. സാമൂഹികക്ഷേമവും നികുതി പരിഷ്‌കരണവും നടത്തി വലിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് ബോറിക് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞത്.

ബോറിക്കിന്റെ വിജയം ഉറപ്പായതോടെ ചിലിയന്‍ കറന്‍സിയായ പെസോ (Peso)യുടെ വിനിമയ നിരക്കില്‍ റെക്കോര്‍ഡ് ഇടിവാണുണ്ടായത്. ഓഹരി വിപണിയിലും ബോറിക്കിന്റെ വിജയം ആഘാതം സൃഷ്ടിച്ചു. 10 ശതമാനം ഇടിവാണ് ഓഹരി വിപണിയിലുണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button