National NewsNews

വിവാഹ പ്രായം 21 ആക്കാനുള്ള ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം: തീരുമാനം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

ബില്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധകമാകും, ഏഴ് വിവാഹ നിയമങ്ങളില്‍ മാറ്റമുണ്ടാകും

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ (Prohibition of Child Marriage (Amendment) Bill, 2021) പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒടുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി (Smriti Irani) ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തി, ബില്‍ കീറിയെറിഞ്ഞു. അപ്രതീക്ഷിതമായാണ് ലോക്‌സഭയിലെ അജണ്ടയില്‍ ബില്‍ ഉള്‍പ്പെടുത്തിയത്. ബില്‍ സഭയില്‍ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തിയത്. അജണ്ടയില്ലാത്ത ബില്ല് എങ്ങനെയാണ് അവതരിപ്പിക്കാനാകുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ വിവാഹ പ്രായം 10 ആയിരുന്നെന്നും 1984ല്‍ അത് 15 ആയെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ചരിത്രത്തിലാദ്യമായാണ് പുരുഷനും സ്ത്രീക്കും ഒരേപ്രായത്തില്‍ വിവാഹതീരുമാനമെടുക്കാനുള്ള അവസരമുണ്ടാകുന്നതെന്നും അവര്‍ ബില്ലിനെ മുന്‍നിര്‍ത്തി പറഞ്ഞു.

വിവാഹപ്രായം (Woman Marriage Age) ഇരുപത്തിയൊന്നായി ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹപ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട് – 1956, ഫോറിന്‍ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക. ബില്‍ രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാന്‍ രണ്ട് വര്‍ഷം സമയമുണ്ടെന്നും ഈ സമയം ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button