National NewsNews

കടം മേടിച്ച് മുങ്ങിയവരുടെ സ്വത്തുക്കള്‍ വിറ്റ് പതിമൂന്നായിരം കോടി തിരിച്ചുപിടിച്ചെന്ന് നിര്‍മ്മല സിതാരാമന്‍

പൊതുമേഖലാ ബാങ്കുകള്‍ സുരക്ഷിതമാണെന്നും മന്ത്രി

കടബാധ്യതകള്‍ വരുത്തി രാജ്യംവിട്ട വിജയ് മല്യ (Vijay Mallya), നീരവ് മോദി (Nirav Modi), മെഹുല്‍ ചോക്സി (Mehul Choksi) എന്നിവരുടെ സ്വത്തുക്കള്‍ വിറ്റ് 13,109.17 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍(Nirmala Sitaraman) തിങ്കളാഴ്ച ലോക്സഭയെ അറിയിച്ചു. ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയ പദ്ധതിവിഹിതത്തിന്റെ അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള രണ്ടാംഘട്ട ചര്‍ച്ചയുടെ മറുപടിയിലാണ് മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2021 ജൂലൈ 16ന് മല്യയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ വിറ്റതിലൂടെ 792 കോടി രൂപ സമ്പാദിച്ചെന്നും, മനപ്പൂര്‍വ്വം കുടിശ്ശിക വരുത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ വിറ്റ് 13,109.17 കോടി രൂപ വീണ്ടെടുത്തെന്നുമാണ് ധനമന്ത്രി പറഞ്ഞത്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളിലായി ഏകദേശം 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു. കുടിശ്ശിക വരുത്തി രാജ്യംവിട്ടുപോയ ഈ ആളുകളുടെ പണം തിരികെ ലഭിച്ചുവെന്നും ബാങ്കുകള്‍ ഇന്ന് സുരക്ഷിതമാണെന്നും നിക്ഷേപകരുടെ പണം പൊതുമേഖാ ബാങ്കുകളില്‍ സുരക്ഷിതമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 3.73 ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തിയിരുന്നു. പദ്ധതിവിഹിതത്തിന്റെ അനുബന്ധ ആവശ്യങ്ങള്‍ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച വിലക്കയറ്റമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളോട് പ്രതികരിച്ച ധനമന്ത്രി, ഭക്ഷ്യ എണ്ണയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഉറപ്പ് നല്‍കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2021 ജൂലൈ വരെ നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി മല്യ, മോദി, ചോക്‌സി എന്നിവരുടെ കടങ്ങള്‍ തിരിച്ചുപിടിച്ചതായി വ്യക്തമാക്കിയത്. വിജയ് മല്യയില്‍ നിന്ന് 792 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതാണ് ഒടുവിലത്തേത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button