National NewsNews

പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് ഒരാളെക്കൂടി തല്ലിക്കൊന്നു; ആള്‍ക്കൂട്ടക്കൊലപാതകം പോലീസിന് മുന്നില്‍വച്ച്

ഗുരുദ്വാരയില്‍ നടന്നത് മോഷണശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ്

ഇരുപത്തിനാല് മണിക്കൂറിനിടയില്‍ പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് ഒരാളെക്കൂടി തല്ലിക്കൊന്നു. ഞായറാഴ്ച രാവിലെ കപൂര്‍ത്തി ഗുരുദ്വാരയില്‍ കയറി സിഖ് മതപതാകയെ അനാദരിച്ചുവെന്ന് ആരോപിച്ചാണ് അജ്ഞാതനെ തല്ലിക്കൊന്നത്. കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്നതിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തിയതിന്റെ ചൂടാറുന്നതിന് പിന്നാലെയാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ജനക്കൂട്ടം അജ്ഞാതനെ തല്ലിക്കൊന്നത്. ഗ്രാമവാസികളും സിഖ് സംഘടന അംഗങ്ങളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 3 പോലീസുക്കാര്‍ക്ക് പരിക്കേറ്റു.

പ്രാര്‍ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഗുരുദ്വാര മാനേജര്‍ അമര്‍ജിത് സിംഗ് ആണ് കുറ്റമാരോപിച്ചത്. കുടിയേറ്റത്തൊഴിലാളിയെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തി അതിരാവിലെ മതപതാക(നിഷാന്‍ സാഹിബ്)യെ അവഹേളിക്കുന്നത് കണ്ടുവെന്നാണ് ആരോപണം. ഇയാളെ പിടികൂടിയ ജനക്കൂട്ടം ഒരു മുറിയില്‍ പൂട്ടിയിടുകയും പോലീസിന് വിട്ടുനല്‍കാതെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുറിയുടെ ജനലുകള്‍ തകര്‍ത്താണ് അവര്‍ യുവാവിനെ വാളുകൊണ്ട് വെട്ടുകയും മറ്റും ചെയ്തത്. കപുര്‍ത്തല മുതിര്‍ന്ന പോലീസ് സൂപ്രണ്ട് ഹര്‍ക്കമല്‍പ്രിത് സിംഗ് ഘാക്ക് ഉള്‍പ്പെടുന്ന പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ സാധിച്ചില്ല. പിന്നീട് വാതില്‍ തകര്‍ത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേസമയം കപൂര്‍ത്തല ഗുരുദ്വാരയില്‍ മതനിന്ദ ഉണ്ടായതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐ.ജി ഗുരിന്ദര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. മോഷണശ്രമമാണ് ഗുരുദ്വാരയില്‍ നടന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടന്ന സംഭവങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഖേദം രേഖപ്പെടുത്തി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും (Charanjit Singh Channi) ആഭ്യന്തരമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധവയും (Sukhjinder Singh Randhawa) കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടക്കൊലപാതകം നടന്ന സുവര്‍ണ്ണക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button