National NewsNews

വോട്ടര്‍പ്പട്ടികയും ആധാറും ബന്ധിപ്പിക്കാന്‍ ബില്‍ പാസാക്കി ലോക്‌സഭ

പ്രതിപക്ഷ ബഹളത്തിനിടെ ബില്‍ പാസാക്കി സര്‍ക്കാര്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടയിലും വോട്ടര്‍ പട്ടികയിലെ (Voter Id) പേരും ആധാര്‍ നമ്പരും (Adhar Card) ബന്ധിപ്പിക്കുന്നതിനുള്ള ബില്‍ ലോക്ഭയില്‍ പാസാക്കി. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ബില്ലാണ് ഇതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച നിയമമന്ത്രി കിരണ്‍ റിജ്ജു (Kiran Rijiju) കള്ളവോട്ട് തടയുകയെന്നതാണ് തെരഞ്ഞെടുപ്പ് നിയമ ഭേദഗതികൊണ്ട് (Election Laws Amendment Bill 2021) ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. പ്രതിപക്ഷ എംപിമാര്‍ സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ബില്ലിന്റെ ലക്ഷ്യം വിശദീകരിക്കാന്‍ ശ്രമിച്ച നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എംപിമാര്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തില്‍ നില്‍ക്കുമ്പോഴാണ് നിയമമന്ത്രി ബില്‍ അവതരിപ്പിച്ചത്. 55 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ഡിഎംകെ, കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. അതേസമയം ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പിച്ച് കൊന്ന കേസില്‍ മകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ടിഎംസിയുടെ എംപിമാരും കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങളും ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ബില്ലെന്നും ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി (Adhir Ranjan Chawdhary) ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പരും ബന്ധിപ്പിക്കുന്നത് സുപ്രിംകോടതി വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന മൗലിക അവകാശമായ സ്വകാര്യതയുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി (Manish Tiwari) കൂട്ടിച്ചേര്‍ത്തു.

ബില്‍ ഒരു നിയമമായി മാറിയാല്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ചിലരുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ആധാര്‍ താമസക്കാര്‍ക്കും വോട്ടവകാശം പൗരന്മാര്‍ക്കുമുള്ളതാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.സി എംപി സൗഗതോ റേ ചൂണ്ടിക്കാട്ടിയത്. ബി.എസ്.പിയുടെ റിതേഷ് പാണ്ഡെയും ബില്ലിനെതിരെ രംഗത്തെത്തി. സ്വകാര്യത മൗലികാവകാശമാണെന്നും അത് വെട്ടിച്ചുരുക്കുന്ന നിയമം പാര്‍ലമെന്റിന് പാസാക്കാനാകില്ലെന്നും കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.പി എംപി എന്‍.കെ പ്രേമചന്ദ്രന്‍ (N K Premachandran) ചൂണ്ടിക്കാട്ടി. ആധാര്‍ കാര്‍ഡ് താമസത്തിനുള്ള രേഖ മാത്രമായതിനാല്‍ ഈ തീരുമാനം പൗരന്മാരല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കില്ലേയെന്ന് ശശി തരൂര്‍ (Shashi Tharoor) ചോദിച്ചു.

ബില്‍ പാസാക്കപ്പെട്ട സ്ഥിതിക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരും പുതുതായി പേര് ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെടാം. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ആദ്യ ദിവസങ്ങളായിരിക്കും വോട്ടര്‍പ്പട്ടിക പരിഷ്‌കരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button