National NewsNews

മതനിന്ദ നടത്തുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു

മതത്തെ അവഹേളിക്കുന്നത് (Sacrilege) ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അത്തരം കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു (Navjot Singh Sidhu). ഒരു സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ പഞ്ചാബില്‍ നടക്കുന്നതെന്നും സമാധാനം തകര്‍ക്കാനാണ് മതമൗലികവാദികള്‍ ശ്രമിക്കുന്നതെന്നും സിദ്ദു ആരോപിച്ചു. ഇന്നലെ മലേര്‍കോട്ലയില്‍ (Malerkotla) നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബില്‍ രണ്ട് ദിവസത്തിനിടെ മതനിന്ദ ആരോപിച്ച് രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ (Mob Lynching) നടന്ന സംഭവത്തിനിടെയാണ് സിദ്ദുവിന്റെ പ്രതികരണം. അതേസമയം മതവികാരം വൃണപ്പെടുന്നത് ഏത് മതവിശ്വാസികളുടെയാണെങ്കിലും അംഗീകരിക്കാനാകില്ലെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് (Punjab Election 2022) അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുമ്പോഴാണ് സിദ്ദുവിന്റെ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്. എതിരാളികളുടെ അഴിമതിക്കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോഴും ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും (Charanjit Singh Channi) ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് മൗനം പാലിച്ചിരുന്നു. ആദ്യ സംഭവം നടന്ന അമൃത്സറിലെ സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു. യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഈ വിഷയം സമഗ്രമായി അന്വേഷിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും എല്ലാ മതപരമായ സ്ഥലങ്ങളും, സ്ഥാപനങ്ങളും സംരക്ഷിക്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പ്രധാന വിഷയമായിരുന്ന ബലിദാന കേസുകള്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍ അമരീന്ദര്‍ സിംഗ് (Amarinder Singh) സര്‍ക്കാര്‍ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയമായിരുന്നെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിലും കപൂര്‍ത്തലയിലും മര്‍ദനമേറ്റ് മരിച്ച രണ്ടുപേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കപൂര്‍ത്തല സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് മോഷണ ശ്രമമാണെന്നും മതനിന്ദ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുദ്വാരകള്‍ക്ക് സമീപം പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button