Local NewsNews

രണ്‍ജിത്തിന്റെ വിലാപയാത്രയെച്ചൊല്ലി തര്‍ക്കം: ആലപ്പുഴയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ (Political Murders in Alappuzha) സംഘര്‍ഷാവസ്ഥ തുടരുന്നു. കൊല്ലപ്പെട്ട ബിജെപി (BJP) നേതാവ് രണ്‍ജിത്തിന്റെ വിലാപയാത്ര വഴിതിരിച്ചുവിടണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ നിരാകരിച്ചതോടെയാണ് മെഡിക്കല്‍ കോളേജില്‍ വാക്കേറ്റമുണ്ടായത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് വിലാപയാത്ര വഴിതിരിച്ചുവിടാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പറ്റില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.

അതേസമയം എസ്.ഡി.പി.ഐ (SDPI) സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടന്‍, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രസാദ് ആണ് കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ച് നല്‍കിയതെന്നും എസ്.പി വി. ജയദേവ് (V Jayadev S.P) അറിയിച്ചു. സംഘത്തില്‍ പത്ത് പേരുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ (Vijay Sakhare) പറഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ പേരുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എണ്ണം ഇനിയും കൂടാമെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

അതേസമയം പോലീസ് കസ്റ്റഡിയിലുള്ള എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളെ ഉടന്‍ വിട്ടയയ്ക്കില്ല. ആലപ്പുഴയിലെത്തിയ എ.ഡി.ജി.പി നേരിട്ട് ഇവരെ ചോദ്യം ചെയ്യും. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം നടുറോഡില്‍ വച്ച് എസ.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന് (38) വെട്ടേറ്റത്. രാത്രി 11.30ഓടെ കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ച് വെട്ടിക്കൊന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button