National NewsNews

ഡല്‍ഹി കോടതിയിലെ സ്‌ഫോടനം; പ്രതിരോധ വകുപ്പ് ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

സ്‌ഫോടനത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം

ഡല്‍ഹി രോഹിണി കോടതിയില്‍ ഡിസംബര്‍ 9നുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ (Delhi Court Blast) സൂത്രധാരന്‍ അറസ്റ്റില്‍. ഡിഫെന്‍സ് റിസേര്‍ച്ച് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (DRDO) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയയാണ് (Bharat Bhushan Kataria) അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്നും സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു. വ്യക്തി വൈരാഗ്യമാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഭരത് ഭൂഷണ്‍ കട്ടാരിയയും ഡല്‍ഹി രോഹിണി കോടതിയിലെ അഡ്വക്കേറ്റ് അമിത് വശിഷ്ടയും (Amit Vashisht) അയല്‍വാസികളാണ്. ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലതവണ പരസ്പരം പരാതികളും കൊടുത്തിട്ടുണ്ട്. ഈ വൈരാഗ്യമാണ് അമിത് വശിഷ്ടിനെ വകവരുത്തുക എന്ന ഉദ്ദേശത്തോടെ കോടതിയില്‍ സ്‌ഫോടനം നടത്താന്‍ ഭരത് ഭൂഷണ്‍ കട്ടാരിയക്ക് പ്രേരണയായത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച ലാപ്‌ടോപ്പ് ബാഗിന്റെ ലോഗോ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റേതായിരുന്നു. ഇവര്‍ക്ക് ഡല്‍ഹിയില്‍ ഗോഡൗണ്‍ ഉണ്ട്. ഇവരുടെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. വക്കീല്‍ വേഷത്തിലാണ് ഭരത് ഭൂഷണ്‍ കട്ടാരിയ കോടതിയിലേക്ക് എത്തിയതെന്നും പോലീസ് പറഞ്ഞു. അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഡിറ്റനേറ്റര്‍ മാത്രം പൊട്ടിത്തെറിച്ചത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്നും പോലീസ് ല്യക്തമാക്കി.

ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയുടെ (Rakesh Asthana) നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കട്ടാരിയ സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതെന്നതിനെകുറിച്ചും കോടതിയില്‍ എത്തിച്ചതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button