Local NewsNews

കേരളത്തില്‍ ബി.ജെ.പിക്ക് രക്ഷയില്ല; സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

താന്‍ രാഷ്ട്രീയത്തിലിറങ്ങിയത് ബ്യൂറോക്രാറ്റായിട്ടാണെന്നും സജീവരാഷ്ട്രീയക്കാരനായിട്ടല്ലെന്നും ശ്രീധരന്‍

താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാന്‍ (Metro Man) ഇ. ശ്രീധരന്‍ (E Sreedharan). രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ലെന്നും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബിജെപി(BJP)ക്ക് രക്ഷയില്ലെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ രാഷ്ട്രീയത്തിലിറങ്ങിയത് ബ്യൂറോക്രാറ്റായിട്ടാണെന്നും സജീവരാഷ്ട്രീയക്കാരനായിട്ടല്ലെന്നും പറഞ്ഞ അദ്ദേഹം തന്റെ ഏറ്റവും പ്രായമേറിയ അവസ്ഥയിലാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്നും ചൂണ്ടിക്കാട്ടി. അതിന് മുമ്പ് പല തവണയായി തനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Kerala Assembly Election 2021) ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഇ. ശ്രീധരന്‍ പാലക്കാട്ട് പരാജയപ്പെട്ടിരുന്നു. വോട്ടെണ്ണലിന്റെ അവസാനനിമിഷം വരെ ഇ. ശ്രീധരന്‍ ലീഡ് ചെയ്തത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി (BJP Kerala) ക്കുണ്ടായ ഏക പ്രതീക്ഷ. മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ പല പദ്ധതികളും പ്ലാനുമുണ്ട് എന്നാണ് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നത്. ബി.ജെ.പി പക്ഷേ ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെ തന്നെയായിരുന്നു. മെട്രോമാന്റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പലതവണ ബിജെപി നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയില്‍ തിരുവല്ലയില്‍ വച്ച് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ (K. Surendran) പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ കൈവശമുണ്ടായിരുന്ന ഏകസീറ്റ് കൂടി നഷ്ടമായി ദയനീയമായ പരാജയമാണ് ഇക്കുറിയും ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്.

ഇ. ശ്രീധരനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയത് ദേശീയ നേതൃത്വവും ആര്‍എസ്എസുമാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞെങ്കിലും സ്ഥിരമായി രാഷ്ട്രീയചര്‍ച്ചകളില്‍ അദ്ദേഹമുണ്ടായിരുന്നില്ല. പാലക്കാട്ടെ തന്റെ വീട് ഓഫീസാക്കി സന്നദ്ധപ്രവര്‍ത്തനം നടത്തുകയാണ് അദ്ദേഹമിപ്പോള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button