National NewsNews

ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നശിക്കുന്നു: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

തെലുങ്ക് ദിനപ്പത്രമായ ഈനാടിലെ റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് ജസ്റ്റിസ് രമണ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് നിന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനം (Investigative Journalism) അപ്രത്യക്ഷമാകുകയാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് (CJI) എന്‍.വി രമണ (Justice NV Ramana). മുന്‍കാലങ്ങളില്‍ അഴിമതികളെക്കുറിച്ചും അധര്‍മ്മങ്ങളെക്കുറിച്ചുമൊക്കെ പത്രങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. അത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സമീപകാലത്തായി അത്തരം വാര്‍ത്തകളൊന്നും കാണാന്‍ സാധിക്കാറില്ലെന്നും എല്ലാം നന്നായി നടക്കുന്നുവെന്ന തോന്നലാണ് അതുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അതിനെക്കുറിച്ച് വിലയിരുത്താനുള്ള സ്വാതന്ത്ര്യം ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു.’- മാധ്യമപ്രവര്‍ത്തകനായ സുധാകര്‍ റെഡ്ഡി ഉദുമല (Sudhakar Reddy Udumula)  എഴുതിയ ‘ബ്ലഡ് സാന്‍ഡേഴ്‌സ്: ദ ഗ്രേറ്റ് ഫോറസ്റ്റ് ഹെയ്‌സ്റ്റ്’ എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രയിലെ തന്റെ ഗ്രാമത്തിന് അടുത്തുനിന്നും വരുന്ന എഴുത്തുകാരനുമായുള്ള സൗഹൃദവും അദ്ദേഹം വെളിപ്പെടുത്തി.

‘ഞാന്‍ എന്റെ ഗ്രാമത്തെയും പഴയ നല്ല നാളുകളും സുഹൃത്തുക്കളെയും ഓര്‍ക്കുന്നു. എന്റെ ജന്മനാട്ടിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ തോന്നുന്നു. ഉടനെതന്നെ എനിക്ക് അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ സാഹചര്യത്തിലെങ്കിലും അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇല്ലാതാകുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഒരു മുന്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സമകാലിക മാധ്യമങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്റെ കുട്ടിക്കാലത്ത് വലിയ അഴിമതികളെക്കുറിച്ച് അറിയാന്‍ പത്രങ്ങള്‍ നോക്കിയിരുന്ന ഞങ്ങളെ അവര്‍ നിരാശപ്പെടുത്തിയിരുന്നില്ല’. തെലുങ്ക് ദിനപ്പത്രമായ ഈനാടിലെ (Eenadu) റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് ജസ്റ്റിസ് രമണ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

രക്തചന്ദന മരങ്ങള്‍ (Red Sandalwood) വംശനാശ ഭീഷണി നേരിടുകയാണെന്നായിരുന്നു പുസ്തകത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകത്തിലെ എല്ലാ നല്ല വസ്തുക്കളെയും പോലെ രക്തചന്ദന മരങ്ങളും മനുഷ്യന്‍ ആര്‍ത്തിക്ക് മുന്നില്‍ കടപുഴകി വീഴുകയാണ്. എഴുത്തുകാരന്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ അറുപത് ലക്ഷത്തിലേറെ രക്തചന്ദന മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ ഹെക്ടര്‍ വനഭൂമിയില്‍ കള്ളക്കടത്ത് നടക്കുന്നു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം രണ്ടായിരത്തിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭരണകൂടം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button