InvestigationLocal News

മൃതദേഹങ്ങള്‍ വിലയില്ലാത്തവയല്ല; നാല് വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രി വിറ്റത് അറുപത് ലക്ഷത്തിലേറെ രൂപയ്ക്ക്

ഈ കാലയളവില്‍ 267 അജ്ഞാത മൃതദേഹങ്ങളാണ് എത്തിയത്

2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എറണാകുളം ജനറല്‍ ആശുപത്രി (General Hospital, Ernakulam) വിറ്റത് അറുപത് ലക്ഷത്തിലേറെ രൂപയുടെ മൃതദേഹങ്ങള്‍. മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായാണ് കഡാവറുകള്‍ (Cadaver)  വില്‍ക്കുന്നത്. 156 മൃതദേഹങ്ങള്‍ ഒന്നിന് 40,000 രൂപ വച്ചാണ് വിറ്റത്. അജ്ഞാത മൃതദേഹങ്ങള്‍ ആവശ്യക്കാരായ സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് (Medical College) വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്. ഇതനുസരിച്ചാണ് മൃതദേഹങ്ങള്‍ വിറ്റിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ (Right to Information) രാജു വാഴക്കാല (Raju Vazhakkala) നല്‍കിയ ആര്‍.ടി.ഐ (RTI) അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ ജനറല്‍ ആശുപത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഈ കാലയളവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ 267 അജ്ഞാത മൃതദേഹങ്ങളാണ് എത്തിയത്. അതായത് ശരാശരി 65 മൃതദേഹങ്ങളാണ് അനാഥമായി ജനറല്‍ ആശുപത്രിയിലെത്തുന്നത്. മാസം അഞ്ചെണ്ണമെങ്കിലും എത്തുന്നുണ്ടെന്നും ഈ കണക്ക് സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം ലഭിച്ച് മൂന്ന് ദിവസത്തിനകവും ആരും അന്വേഷിച്ചെത്തിയില്ലെങ്കില്‍ അത് ആശുപത്രി അധികൃതര്‍ക്ക് തന്നെ മറവ് ചെയ്യാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിനിടയില്‍ ഏതെങ്കിലും മെഡിക്കല്‍ കോളേജുകള്‍ (Medical College) പഠനാവശ്യത്തിനുള്ള കഡാവര്‍ അന്വേഷിച്ച് എത്തിയാല്‍ അവര്‍ക്ക് വില്‍ക്കാം.

താന്‍ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി വിവരാവകാശ നിയമം ഉപയോഗപ്പെടുത്താറുണ്ടെന്ന് രാജു പറയുന്നു. ‘രണ്ടായിരത്തിലേറെ ആര്‍.ടി.ഐ അപേക്ഷകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നാല് വര്‍ഷത്തിന് മുമ്പ് 2017ലും എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചേരുന്ന അനാഥ മൃതദേഹങ്ങളുടെ കണക്ക് അന്വേഷിച്ച് ആര്‍.ടി.ഐ ഫയല്‍ ചെയ്തിരുന്നു. അന്നും ഇതുപോലെയൊക്കെ തന്നെയായിരുന്നു കണക്ക്. അതിന്റെ തുടര്‍ച്ചയായാണ് നവംബര്‍ അഞ്ചിന് 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ 2021 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലെ കണക്കുകളും അന്വേഷിച്ചത്.’ അദ്ദേഹം നാരദ ന്യൂസിനോട് പ്രതികരിച്ചു. ഇത് കൂടാതെ അനാഥ മൃതദേഹങ്ങളില്‍ എത്രയെണ്ണം സര്‍ക്കാര്‍/സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന ചോദ്യത്തിന് മറുപടിയായാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ലഭ്യമായത്. മൃതദേഹങ്ങള്‍ നല്‍കിയ ഇനത്തില്‍ ആശുപത്രിക്ക് ആകെ എത്ര രൂപ ലഭിച്ചിട്ടുണ്ട്, ഓരോ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വാങ്ങിയ മൃതദേഹങ്ങള്‍ എത്രയെണ്ണമാണ്, ഒരു മൃതദേഹത്തിന് എത്ര രൂപയാണ് ആശുപത്രി വാങ്ങുന്നത്, മൃതദേഹം വിറ്റ് ലഭിക്കുന്ന തുക എന്ത് ആവശ്യത്തിനാണ് ചെലവഴിക്കുന്നത്, 2021 നവംബര്‍ അഞ്ചിന് എത്ര രൂപ നീക്കിയിരിപ്പുണ്ട്, ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ഫീസുണ്ടോ? ഉണ്ടെങ്കില്‍ എത്ര രൂപയാണ്? തുടങ്ങിയവയായിരുന്നു മറ്റ് ചോദ്യങ്ങള്‍.

ജനറല്‍ ആശുപത്രി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അയച്ച അപേക്ഷയ്ക്ക് ഡിസംബര്‍ ആറിനാണ് മറുപടി ലഭിച്ചത്. ഈ മറുപടി അനുസരിച്ച 267 അജ്ഞാത മൃതദേഹങ്ങളാണ് നാല് വര്‍ഷത്തിനിടെ ലഭിച്ചത്. ഇതില്‍ 156 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് വിറ്റു. 154 മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും രണ്ടെണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനുമാണ് നല്‍കിയത്. ഒരു കഡാവറിന് 40,000 രൂപയാണ് വിലയെന്നും കഡാവറുകള്‍ വിറ്റുകിട്ടുന്ന തുക മോര്‍ച്ചറി, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ജനറല്‍ ആശുപത്രി മറുപടി നല്‍കി. ഈ തുകയില്‍ 57,43,002 രൂപ നീക്കിയിരിപ്പുണ്ടെന്നും ജനറല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് ജനറല്‍ ആശുപത്രി ഫീസ് ഈടാക്കുന്നില്ലെന്നായിരുന്നു മറുപടി. അജ്ഞാത മൃതദേഹങ്ങളുടെ ഇത്രയധികം ഉണ്ടാകുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നും രാജു നാരദ ന്യൂസിനോട് പറഞ്ഞു.

‘ജലാശയങ്ങളില്‍ നിന്നായിരിക്കും ഈ അനാഥ മൃതദേഹങ്ങളില്‍ ഏറെയും എന്നാണ് എന്റെയൊരു അനുമാനം. മിക്കവാറും പത്രങ്ങളില്‍ നമ്മള്‍ ജലാശയങ്ങളില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ടല്ലോ? മൃതദേഹം ലഭിക്കുന്നത് കൊച്ചിയില്‍ നിന്നാണെങ്കിലും മരിച്ചത് ഇവിടുത്തുകാരന്‍ തന്നെയാവണമെന്നില്ല. വെള്ളത്തില്‍ ഒഴുകിവരുന്നതോ എവിടെ നിന്നെങ്കിലും വന്ന് ഇവിടെ വച്ച് അസുഖം വന്നോ വണ്ടിയിടിച്ചോ ഒക്കെ മരണപ്പെടുന്നതാകാം. ആരും തിരിച്ചറിയാത്തതിനാല്‍ അത് അജ്ഞാത മൃതദേഹമായി മാറുന്നതാകും. മരണത്തിന് ഒരുപാട് കാരണങ്ങളുണ്ടല്ലോ? ലോകത്തുള്ള മുഴുവന്‍ ആളുകളും എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് കൊച്ചി. അതുകൊണ്ടാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇവിടെ ഇത്രമാത്രം ഉണ്ടാകുന്നത്. അജ്ഞാത മോര്‍ച്ചയില്‍ മൂന്ന് ദിവസം മാത്രമേ വയ്ക്കാവൂ. മൃതദേഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുമ്പോള്‍ അത് വില്‍ക്കുന്നതാണ്. അതിന് സര്‍ക്കാര്‍ തന്നെ ജനറല്‍ ആശുപത്രിക്ക് അനുമതി കൊടുത്തിട്ടുണ്ട്. ആശുപത്രിക്ക് ഒരു വരുമാനം ഉണ്ടാകുന്നുണ്ടെങ്കിലും ഒരു വര്‍ഷം ശരാശരി അറുപത് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഉണ്ടാകുന്നുവെന്നത് ദുഃഖകരമാണ്. അതായത് ഒരുമാസം അനാഥമായ അഞ്ച് മൃതദേഹങ്ങളെങ്കിലും ഇത്തരത്തില്‍ ജനറല്‍ ആശുപത്രിയിലെത്തുന്നു.’- അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button