Sports

ഗാംഗുലി പറഞ്ഞത് കള്ളം: രാജിവയ്ക്കരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഹ്ലി

ഏകദിന നായക സ്ഥാനത്ത് നിന്നും നീക്കുന്നത് അറിയിച്ചത് ടീം പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രം

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് വിരാട് കോഹ്ലി (Virat Kohli). ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പുള്ള പതിവ് വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലിയുടെ വെളിപ്പെടുത്തല്‍. ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് താന്‍ കോഹ്ലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടന്നായിരുന്നു ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.

ഏകദിന ടീമിന്റെ നായക സ്ഥാനത്തുനിന്നും നീക്കിയതിലുള്ള അതൃപ്തി കോഹ്ലിയുടെ വാര്‍ത്താസമ്മേളനത്തില്‍ മറനീക്കി പുറത്തുവന്നു. ടീം പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന വിവരം തന്നെ അറിയിച്ചതെന്ന് കോഹ്ലി വെളിപ്പെടുത്തി. ട്വന്റി 20 നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചപ്പോള്‍ ബിസിസിഐ അധികൃതര്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. ട്വന്റി 20 നായക സ്ഥാനം ഒഴിയുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന നായകസ്ഥാനത്ത് തുടരാനുള്ള താല്‍പര്യം കോഹ്ലി വ്യക്തമാക്കിയിരുന്നു.

‘എന്റെ തീരുമാനത്തില്‍ ആര്‍ക്കും എതിര്‍പ്പോ അതൃപ്തിയോ ഉണ്ടായിരുന്നില്ല. ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും ആരും എന്നോട് പറഞ്ഞില്ല.’- കോഹ്ലി വിശദീകരിച്ചു. മാത്രമല്ല, തന്റെ തീരുമാനം ഉചിതമായെന്നായിരുന്നു ബിസിസിഐ (BCCI) അധികൃതരുടെ പ്രതികരണമെന്നും കോഹ്ലി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button